
വന്ദേമാതരം മുഴുവന്‍ ആലപിക്കുന്നതില്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടില്ല എന്ന ലോക്ഭവന്റെ വിശദീകരണത്തിനെതിരെ വിദ്യാഭ്യാസമന്ത്രി എന്‍ ഷംസുദ്ദീന്. ലോക്ഭവന്റെ നിലപാട് എല്ലാവര്ക്കും അറിയാമല്ലോ എന്നും ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയിട്ടുണ്ടെന്നും മന്ത്രി ഷംസുദ്ദീന് പറഞ്ഞു. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗമായി ലോക്ഭവനില്‍ നിന്ന് വരുന്ന സര്‍ക്കുലര്‍ ഫോര്‍വേഡ് ചെയ്യപ്പെടുമ്പോള്‍ അതില്‍ രാഷ്ട്രീയമുണ്ടെന്നും പോരായ്മയുണ്ടെന്നും മനസിലാക്കി തിരുത്തിയെന്നും എന്‍ ഷംസുദ്ദീന് പറഞ്ഞു. ഇതിലെ സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി വിശദീകരിച്ച് കഴിഞ്ഞതാണ്. അതില്‍ എല്ലാ മന്ത്രിമാരും വന്ന് പ്രതികരണം നടത്തേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ക്വിസ് മത്സരത്തിലെ ചോദ്യവുമായി ബന്ധപ്പെട്ട വിവാദത്തിലും അദ്ദേഹം പ്രതികരണം അറിയിച്ചു. വിവാദ ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്പെന്‍ഡ് ചെയ്തത് പ്രാഥമിക നടപടി മാത്രമെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ പേര്‍ക്ക് ഇതില്‍ പങ്കുണ്ടെന്ന് കണ്ടാല്‍ അവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാതെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി എന്‍ ഷംസുദ്ദീന് വ്യക്തമാക്കി.

