
വടകര: ജില്ലാ ആശുപത്രിയിൽ പിഎംജിവികെ പദ്ധതിയിൽ 83കോടി ചിലവിൽ നിർമിക്കുന്ന കെട്ടിടത്തിൽ കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായതായി കെ.കെ രമ എം.എൽ.എ. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ആരോഗ്യമന്ത്രിയും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കമുള്ളവരുടെ യോഗത്തിലാണ് ഇക്കാര്യങ്ങൾ തീരുമാനമായത്.പുതിയ കെട്ടിടത്തിൽ കാർഡിയോളജി, കാത്ത് ലാബ്, നെഫ്രോ, ന്യൂറോ ഐസിയു, സ്ട്രോക്ക് ലാബ് എന്നീ സൂപ്പർസ്പെഷ്യലിറ്റി സൗകര്യങ്ങൾ ഏർപ്പെടുത്തും. ആശുപത്രിയിൽ നിലവിലുള്ള ഭൗതിക സാഹചര്യങ്ങളും രോഗികൾ നേരിടുന്ന പ്രയാസങ്ങളും വിശദമായി വിലയിരുത്തിയ യോഗത്തിൽ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടു.

ഒരു കൺസൾട്ടന്റ് സർജനെയും ഒരു കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റിനെയും ജില്ലാ ആശുപത്രിയിൽ ഉടൻ തന്നെ നിയമിക്കും. നിലവിലുള്ള ജീവനക്കാരുടെ അപര്യാപ്തത പൂർണ്ണമായും പരിഹരിക്കുന്നതിന് ആവശ്യമായ അടിയന്തര നടപടികൾ സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. പുതിയ കെട്ടിടത്തിൽ കാർഡിയോളജി, കാത്ത് ലാബ് സൗകര്യങ്ങൾ ഇല്ലാത്ത വിഷയം കഴിഞ്ഞദിവസം ആശുപത്രിയിൽ ചേർന്ന യോഗത്തിൽ ചർച്ചയായിരുന്നു. ഇതിന്റെ അഠിസ്ഥാനത്തിലാണ് തിരുവനന്തപുരത്ത് യോഗം വിളിച്ചത്. കെ.കെ. രമഎഎൽഎ, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഡോ. ഡി. സുനിൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി വി., കോഴിക്കോട് ഡി.എം.ഒ ഡോ. സരിത കുമാരി എൽ.റ്റി., ഫിനാൻസ് ഓഫീസർ അബ്ദുൾ മുനീർ കെ., ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹസ്രമോൾ എം.യു., വടകര ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ശ്യാം, യു.എൽ.സി.സി.എസ് (ULCCS) പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

