
കുട്ടികളുടെ സർഗ്ഗാത്മകതയ്ക്ക് ചിറകേകാൻ ‘ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ് @ മണിയൂർ ’ (CLF-26@maniyur); മണിയൂരിൽ കുട്ടികളുടെ സാഹിത്യോത്സവ സ്വാഗതസംഘം രൂപീകരിച്ചു. മണിയൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ പഞ്ചായത്തിലെ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വളർത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിക്കുന്ന “കുട്ടികളുടെ സാഹിത്യോത്സവ”ത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദിൻഷ കെ യോഗം ഉദ്ഘാടനം ചെയ്തു. അധ്യാപകർ, റിട്ടയേർഡ് അധ്യാപകർ, ലൈബ്രറി പ്രതിനിധികൾ, വിദ്യാലയങ്ങളിലെ PTA ഭാരവാഹികൾ, സാമൂഹിക-സാംസ്കാരിക പ്രവർത്തകർ, നാട്ടുകാർ എന്നിവരടക്കം ഇരുന്നൂറിലധികം പേർ പങ്കെടുത്തു. സപ്തംബർ മാസത്തിൽ കുട്ടികളുടെ സാഹിത്യോത്സവം സംഘടിപ്പിക്കാൻ തീരുമാനിച്ചു. കുട്ടികളിലെ സാഹിത്യ വാസനയും, സർഗ്ഗത്മകതയും പരിപോഷിപ്പിക്കുന്നതിനായി “ചിൽഡ്രൻസ് ലിറ്ററേച്ചർ ഫെസ്റ്റ് ” CLF@Maniyur എന്ന പേരിൽ എല്ലാ വർഷവും ഈ സാഹിത്യോത്സവം തുടർച്ചയായി സംഘടിപ്പിക്കാൻ യോഗത്തിൽ തീരുമാനമായി. നമ്മുടെ കുട്ടികളുടെ സർഗ്ഗാത്മക വസന്തത്തിന് തുടക്കമിടുന്ന ഈ വൻ സംരംഭത്തിന് എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നു.

