
ഒഞ്ചിയം: ഗവൺമെന്റ് യു.പി. സ്കൂൾ ഒഞ്ചിയത്തിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷം വിവിധ പരിപാടികളോടെ സമുചിതമായി ആചരിച്ചു. കാമ്പിശ്ശേരി പുരസ്കാരജേതാവും മടപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ റിട്ടയേർഡ് പൊളിറ്റിക്സ് അധ്യാപകനുമായ സുജിത്ത് കുമാർ പി. കെ. പരിപാടികൾ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് റജീഷ് ആർ. കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാനാധ്യാപകൻ ടി. വി. എ. ജലീൽ സ്വാഗതം പറഞ്ഞു. മദർ പി.ടി.എ. പ്രസിഡന്റ് റഹീന എം. കെ., പി.ടി.എ. വൈസ് പ്രസിഡണ്ടുമാരായ പവിത്രൻ പി. കെ., വിനീഷ് സി. എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബിജു മൂഴിക്കൽ നന്ദി രേഖപ്പെടുത്തി.
ദേശീയപതാകയ്ക്ക് അഭിവാദ്യം അർപ്പിച്ചുകൊണ്ട് നടന്ന പ്രത്യേക അസംബ്ലിയിൽ വിദ്യാർഥികളുടെ പ്രസംഗങ്ങൾ, ദേശഭക്തിഗാനങ്ങൾ, വിവിധ കലാപരിപാടികൾ എന്നിവ അരങ്ങേറി. സ്വാതന്ത്ര്യസമര ചരിത്രത്തിലെ ധീരവനിതയായ ഝാൻസി റാണിയുടെയും ഭാരതാംബയുടെയും വേഷമണിഞ്ഞെത്തിയ വിദ്യാർഥികൾ ചടങ്ങിന് കൂടുതൽ ആവേശവും ദേശസ്നേഹത്തിന്റെ നിറവും പകർന്നു. സ്വാതന്ത്ര്യസമരത്തിന്റെ ത്യാഗങ്ങളും രാജ്യത്തിന്റെ ജനാധിപത്യ മൂല്യങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുന്ന തരത്തിലായിരുന്നു ആഘോഷ പരിപാടികൾ. അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും ചടങ്ങിൽ പങ്കെടുത്തു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി പങ്കെടുത്ത എല്ലാവർക്കും പായസ വിതരണവും ഉണ്ടായിരുന്നു. ദേശീയബോധവും ദേശസ്നേഹവും ഊട്ടിയുറപ്പിച്ചുകൊണ്ട് ആഘോഷം ശ്രദ്ധേയമായി.

