
കുറ്റ്യാടി: നരിക്കൂട്ടുംചാലിൽ സ്വകാര്യ ബസ്സും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് വൻ അപകടം. ബസ്സും എതിരെ വന്ന ടിപ്പർ ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ബസ് യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ ടിപ്പർ ലോറി ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ കുറ്റ്യാടി ഗവൺമെൻ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്രൈവറുടെ നില ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ വേണ്ടി വന്നേക്കും. കേബിനിൽ കുടുങ്ങിയ ഡ്രൈവറെ ചേലക്കാട് നിന്നും എത്തിയ ഫയർഫോഴ്സ് ആണു പുറത്തെടുത്തത്. അപകടം നടന്നയുടനെ ഓടിക്കൂടിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ചേർന്നാണ് അടിയന്തര രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

