
മലപ്പുറം: ഉച്ചഭക്ഷണത്തിന് ചോറിന് കറി ലഭിക്കാത്തതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ വണ്ടൂരില്‍ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പോസ്റ്റുമോർട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. ഹൃദയത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഉച്ചയ്ക്ക് വീട്ടിലെത്തിയപ്പോള്‍ ചോറിന് കറിയില്ലായിരുന്നുവെന്നും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നുവെന്നും പിടിയിലായ ഭര്‍ത്താവ് റഷീദ് പൊലീസിന് മൊഴി നല്കി.കുത്തേറ്റ് മിനിറ്റുകള്‍ക്കകം മരണം സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്യം നടക്കുന്ന സമയത്ത് ഇരുവരും തമ്മില്‍ കടുത്ത പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും മൃതദേഹത്തിലുണ്ട്. അതേസമയം, അറസ്റ്റിലായ പ്രതി റഷീദുമായി വണ്ടൂര്‍ പൊലീസ് സംഘം സംഭവം നടന്ന കാപ്പില്‍ പാറശ്ശേരിയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വന്‍ ജനരോഷമാണ് തെളിവെടുപ്പ് വേളയില്‍ സ്ഥലത്തുണ്ടായത്.

