
വടകര: കുറേ ദിവസങ്ങൾക്ക് ശേഷം വടകരയിൽ ട്രാഫിക് ബ്ലോക്കില്ലാത്ത ദിവസമായിരുന്നു കഴിഞ്ഞ ദിവസം. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വടകരയിൽ വരുന്നതിനാൽ റോഡ് നിയന്ത്രണം പോലീസ് ഏറ്റെടുത്തതുകൊണ്ടാണ് തടസ്സമില്ലാതെ വാഹനങ്ങൾക്ക് പോകാൻ സാധിച്ചത്. ആഭ്യന്തരമന്ത്രിയുടെ സമയത്തിന് മാത്രമേ വിലയുള്ളൂ എന്നാണോ? ജനങ്ങൾ എത്ര കാലമായി ഈ ബ്ലോക്ക് കാരണം ദുരിതം അനുഭവിക്കുന്നു. ദേശീയപാത 66 ന്റെ നിർമ്മാണം നടക്കുന്ന വടകര മേഖലയിൽ ദിവസേന മണിക്കൂറുകളോളമാണ് വാഹനങ്ങൾ ബ്ലോക്കിൽ കുടുങ്ങുന്നത്. രോഗികളെയും വിദ്യാർത്ഥികളെയും ജോലിക്ക് പോകുന്നവരെയും ഉൾപ്പെടെ ജനങ്ങളെ ഇത് വലിയ തോതിൽ ബുദ്ധിമുട്ടിക്കുന്നു.
റോഡുപണി പൂർത്തിയാകുന്നത് വരെ വടകര മേഖലയിലെ നാഷണൽ ഹൈവേ ജംഗ്ഷനുകളിൽ സ്ഥിരമായി പോലീസിനെ നിയമിച്ചാൽ തന്നെ ഒരു പരിധിവരെ തടസ്സമില്ലാതെ വാഹനങ്ങൾക്ക് പോകാൻ സാധിക്കും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് എസ്.ഡി.പി.ഐ വടകര നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മന്ത്രിയുടെ സമയത്തിന് മാത്രമല്ല, സാധാരണ ജനങ്ങളുടെ സമയത്തിനും വിലയുണ്ടെന്ന് അധികാരികൾ മനസ്സിലാക്കണമെന്നും നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീർ ചോമ്പാല പ്രസ്താവനയിൽ പറഞ്ഞു.

