
വിദ്യാര്‍ഥി പ്രതിഷേധത്തിലെ പൊലീസ് നടപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. ലാത്തികൊണ്ട് പ്രധാന സ്ഥാനങ്ങള്‍ നോക്കിയാണ് തല്ലിയതെന്നും വലിയ തോതിലുള്ള മര്‍ദനമാണ് വിദ്യാര്ഥികള്ക്കേറ്റതെന്നും അദ്ദേഹം പറഞ്ഞു.
പുരുഷ പൊലീസ് പെണ്‍കുട്ടികളെ ആക്രമിച്ചുവെന്നും മുഖത്ത് അടിയേറ്റ് രക്തം വാര്‍ന്ന് പോകുന്ന അവസ്ഥയുണ്ടാകുക എന്ന് പറഞ്ഞാല്‍ എത്ര ക്രൂരമായ മര്‍ദനമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തലയ്ക്ക് അടിയേറ്റ് പെണ്‍കുട്ടിയുടെ ബോധം പോയി. ഇതെല്ലാം കാണിക്കുന്നത് കേരളത്തില്‍ സാധാരണ നിലയിലുള്ള പ്രക്ഷോഭത്തെ പൊലീസ് രാജിലൂടെ നേരിടാനുള്ള ശ്രമം നടക്കുന്നു എന്നതാണ്. അതില്‍ സംശയിക്കേണ്ട കാര്യം ഇത്തരം കാര്യങ്ങള്‍ക്ക് കുപ്രസിദ്ധിയാര്‍ജിച്ച ചില ആളുകള്‍ പൊലീസ് സേനയിലുണ്ട്. അത്തരക്കാരെ പ്രത്യേകം തിരഞ്ഞ് പിടിച്ച് തലസ്ഥാന നഗരിയില്‍ ഇത്തരം പ്രക്ഷോഭങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചുമതലയേല്‍പ്പിച്ചിരിക്കുകയാണ്. ഇത് ബോധപൂര്‍വമാണ്. തല്ല് മാത്രമല്ല, വ്യാപകമായി അറസ്റ്റും നടക്കുകയാണ്. ഒരു ന്യായീകരണവുമില്ലാത്ത നടപടിയാണ്. കടുത്ത വകുപ്പുകള്‍ ചുമത്താനാണ് ശ്രമം. പ്രക്ഷോഭത്തില്‍ പങ്കെടുത്തയാള്‍ക്ക് നേരെ വധശ്രമമടക്കമുള്ള വകുപ്പുകളാണ് ചേര്‍ക്കുന്നത്. ഇങ്ങനെയാണ് പ്രക്ഷോഭങ്ങളെ നേരിടാന്‍ പോകുന്നതെങ്കില്‍ അതിലൂടെ പ്രക്ഷോഭത്തെ അടിച്ചമര്ത്തിക്കളയാമെന്ന വ്യാമോഹം വേണ്ട. കടുത്ത പ്രതികരണം സ്വാഭാവികമായും കേരളത്തില്‍ ഉയര്‍ന്നുവരും. ഇത് തുടരാതിരിക്കുന്നതാണ് നല്ലത് – അദ്ദേഹം പറഞ്ഞു.കേന്ദ്രസര്‍ക്കാര്‍ വിദ്യാര്‍ഥി പ്രക്ഷോഭത്തെ നേരിടുന്നത് നമ്മള് കണ്ടതാണല്ലോ എന്ന് അദ്ദേഹം ചോദിച്ചു. കേരളത്തിലെ സര്‍ക്കാര്‍ ഇത് തിരുത്തണം. വിദ്യാര്‍ഥികളെ ഇളക്കി വിട്ടതല്ല. വിദ്യാര്‍ഥികളെ ഇളക്കി വിട്ടത് ആരാണ്. വന്ദേമാതരത്തെ യുഡിഎഫ് സര്‍ക്കാര്‍ പൂര്‍ണ്ണമായും അംഗീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കേരള സര്‍വകലാശാലയിലും വന്ദേമാതരം ചൊല്ലി. ഇത്തരം വിഷയങ്ങളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിക്കണ്ടേ? അവര്‍ വിദ്യാര്‍ഥികള്‍ അല്ലേ – അദ്ദേഹം ചോദിച്ചു.

