
ഓർക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്ത് അഞ്ച് പതിറ്റാണ്ട് നീണ്ട നിസ്വാർത്ഥ പൊതുപ്രവർത്തനത്തിലൂടെ ജനകീയനായിരുന്ന സ. വള്ളിക്കാട്ടിൽ നാണുവിന്റെ പതിനൊന്നാം ചർമവാർഷികദിനം സമുചിതമായി ആചരിച്ചു. സിപിഐ ഏറാമല ലോക്കൽ കമ്മിറ്റി ഓർക്കാട്ടേരിയിൽ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ജില്ലാ എക്സിക്കുട്ടീവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിൽ അംഗം ടി കെ രാജൻ മാസ്റ്റർ കമ്മ്യുണിസ്റ്റ് പാർട്ടി കാലികമായി ഏറ്റെടുത്തു നടത്തിക്കൊണ്ടിരിക്കുന്ന പ്രക്ഷോഭങ്ങളെ വിശകലനം ചെയ്തു സംസാരിച്ചു.
ജില്ലാ കമ്മിറ്റി അംഗം അജയ് ആവള സ. നാണു അനുസ്മരണ പ്രഭാഷണം നടത്തി. ബ്രാഞ്ച് സെക്രട്ടറി, ലോക്കൽ സെക്രട്ടറി, മണ്ഡലം കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച സഖാവിന്റെ സ്മരണകൾ ഇന്നത്തെ തലമുറയിലെ പ്രവർത്തകർക്ക് മാതൃകയാവണം എന്ന് അജയ് ആവള കൂട്ടിച്ചേർത്തു. ആർ കെ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി ഇ രാധാകൃഷ്ണൻ, ടി പി റഷീദ്, കെ കെ രഞ്ജീഷ്, എ കെ കുഞ്ഞിക്കണാരൻ എന്നിവർ സംസാരിച്ചു. ഏറാമല ലോക്കൽ സെക്രട്ടറി ഒ എം അശോകൻ സ്വാഗതം പറഞ്ഞു.

