
യുഎൻ സുരക്ഷാ കൗൺസിൽ വിപുലീകരിക്കണമെന്ന ബ്രിക്സ് കൂട്ടായ്മയുടെ ആവശ്യത്തെ പിന്തുണച്ച് ഐക്യരാഷ്ട്രസംഘടനാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ്. ഇന്നലെ ബ്രിക്സ് ഉച്ചകോടിയുടെ ഓപ്പൺ സെഷനിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു പ്രതികരണം. അതേസമയം ഉച്ചകോടിയുടെ നടത്തിപ്പിനെ ചൊല്ലി രാഷ്ട്രീയവാദം മുറുകുകയാണ്.
യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വം ലഭിക്കുന്നതിന് ഇന്ത്യ ഏറെ നാളായി ആവശ്യം ഉന്നയിക്കുന്നു. ഇക്കാര്യം കൂടി അടിവരയിട്ടാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവന. ഇന്ത്യയുടെ ആവശ്യത്തെ റഷ്യയും ചൈനയും പിന്തുണച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ ആവശ്യത്തെ പിന്തുണച്ചാണ് യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടാറസിന്റെ പ്രതികരണം. വികസ്വര രാജ്യങ്ങൾക്ക് അർഹിച്ച പരിഗണന നൽകുകയാണ് ലക്ഷ്യമെന്നും സെക്രട്ടറി ജനറൽ.അതിനിടെയാണ് ബ്രിക്സ് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പ്രചാരണ തന്ത്രമാക്കാൻ ബിജെപി ഒരുങ്ങുന്നത്. പഹൽഗാം ഭീകരാക്രമണത്തെ അപലപിക്കുന്ന സംയുക്ത പ്രസ്താവനയും പശ്ചിമേഷൻ സംഘർഷത്തിൽ സംയുക്ത പ്രസ്താവനയിൽ ധാരണയുണ്ടാക്കാൻ കഴിഞ്ഞതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപരമായ നേട്ടമായാണ് ബിജെപി നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ സംഘർഷത്തിൽ കാര്യമായ ഇടപെടൽ ഉണ്ടാക്കാൻ സാധിക്കാത്തതും ഇന്ത്യ ചൈന ബന്ധത്തിലെ നിലപാടുകളും കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്യുന്നു.

