
ആയഞ്ചേരി: ഹിൻടെക് എനർജിയുടെ കീഴിൽ ആയഞ്ചേരിയിൽ പ്രവർത്തിക്കുന്ന സി.എൻ.ജി സിലിണ്ടർ ടെസ്റ്റിംഗ് കേന്ദ്രത്തിനെതിരെ നടക്കുന്ന പ്രചാരണങ്ങൾ തികച്ചും അടിസ്ഥാനരഹിതമാണെന്ന് കമ്പനി മാനേജ്മെന്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കഴിഞ്ഞദിവസം സ്ഥാപനത്തിന് മുന്നിൽ ചിലർ സംഘടിക്കുകയും തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് കമ്പനി വിശദീകരണവുമായി രംഗത്തെത്തിയത്. കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് പ്രദേശവാസികളുടെയോ സംഘടനകളുടെയോ ഭാഗത്തുനിന്നുള്ള ആശങ്കകളും സംശയങ്ങളും നേരിട്ട് കണ്ട് പരിഹരിക്കാൻ കമ്പനി പൂർണ്ണസജ്ജമാണെന്ന് അധികൃതർ വ്യക്തമാക്കി.
2016-ലെ ഗ്യാസ് സിലിണ്ടർ ചട്ടങ്ങൾ പ്രകാരം വാഹനങ്ങളിലും ഫില്ലിംഗ് സ്റ്റേഷനുകളിലും (കാസ്കേഡ്) ഉപയോഗിക്കുന്ന സി.എൻ.ജി സിലിണ്ടറുകൾ മൂന്ന് വർഷത്തിലൊരിക്കൽ നിർബന്ധമായും ബലപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ട്. ഇത്തരം നിയമപരമായ സുരക്ഷാ പരിശോധനകൾ മാത്രമാണ് ഇവിടെ നടക്കുന്നത്. പുതിയതായി സി.എൻ.ജി വാതകം സംഭരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്യുന്ന പ്ലാന്റല്ലിത്.

സിലിണ്ടറുകളുടെ ബലപരിശോധന പൂർണ്ണമായും വെള്ളം ഉപയോഗിച്ചാണ് (Hydrotesting) നടത്തുന്നത്. പരിശോധനയ്ക്കായി കൊണ്ടുവരുന്ന വാഹനങ്ങളിലെ സിലിണ്ടറുകളിൽ അവശേഷിക്കുന്ന വാതകം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് ആറ് മീറ്റർ ഉയരമുള്ള വെന്റ് പൈപ്പിലൂടെ അന്തരീക്ഷത്തിലേക്ക് ഒഴുക്കിവിടുന്നു. കാസ്കേഡുകൾ പൂർണ്ണമായും കാലിയാക്കിയ ശേഷമാണ് പ്ലാന്റിൽ എത്തിക്കുന്നത്. അൾട്രാസോണിക് പരിശോധനകൾക്ക് ശേഷം സിലിണ്ടറുകളിൽ വെള്ളം നിറച്ച് വർക്കിംഗ് മർദ്ദത്തിന്റെ 1.6 മടങ്ങ് മർദ്ദം നൽകിയാണ് ബലം ഉറപ്പുവരുത്തുന്നത്. വെള്ളം പൊട്ടിത്തെറിക്കാൻ സാധ്യതയില്ലാത്തതിനാൽ (Incompressible fluid), ലോകമെമ്പാടും സുരക്ഷിതമായി ഉപയോഗിക്കുന്ന അന്താരാഷ്ട്ര ടെസ്റ്റിംഗ് രീതിയാണിത്.
വായുവിനേക്കാൾ 40 ശതമാനം ഭാരം കുറഞ്ഞ സി.എൻ.ജി വാതകം വേഗത്തിൽ അന്തരീക്ഷത്തിലേക്ക് ഉയർന്നുപോകുന്ന സ്വഭാവമുള്ളതാണ്. നേരിയ ജ്വലനപരിധി (5% മുതൽ 15% വരെ) മാത്രമുള്ളതിനാൽ ഇത് വളരെ സുരക്ഷിതമാണ്. യാതൊരുവിധ രാസവസ്തുക്കളോ മലിനജലമോ ഇവിടെ ഉണ്ടാകുന്നില്ല. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ‘ഗ്രീൻ കാറ്റഗറി’യിൽ ഉൾപ്പെടുന്ന ഈ കേന്ദ്രം ആവശ്യമായ എല്ലാ സർക്കാർ അനുമതികളും നേടിയാണ് പ്രവർത്തിക്കുന്നത്.
പൊതുജനങ്ങളുടെയും വാഹനങ്ങളുടെയും സുരക്ഷ ഉറപ്പുവരുത്തുന്ന ഇത്തരമൊരു സംരംഭത്തിനെതിരെ തെറ്റിദ്ധാരണ പരത്തുന്നത് നിർഭാഗ്യകരമാണെന്നും, കേന്ദ്രത്തിന്റെ പ്രവർത്തനരീതി നേരിൽ കണ്ടുമനസ്സിലാക്കാൻ താൽപ്പര്യമുള്ള പ്രദേശവാസികൾക്ക് ഓഫീസ് സമയത്ത് പ്ലാന്റ് സന്ദർശിക്കാമെന്നും മാനേജ്മെന്റ് അറിയിച്ചു. സംശയങ്ങൾ ദൂരീകരിക്കുന്നതിനായി +91 99468 02991 എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

