
കാർത്തികപ്പള്ളി: ക്ഷീരമേഖലയിലെ നൂതന രീതികളെക്കുറിച്ചും ക്ഷീരവികസനവകുപ്പിൻ്റെ പദ്ധതികളെക്കുറിച്ചും കന്നുകാലി പരിപാലനത്തെക്കുറിച്ചും വിശദീകരിക്കുന്നതിന് കേരള സർക്കാർ ക്ഷീരവികസനവകുപ്പ് വടകര ബ്ലോക്കിന്റെയും കുറിഞ്ഞാലിയോട് ക്ഷീരസംഘത്തിന്റേയും സംയുക്താഭിമുഖ്യത്തിൽ ബി.എം.സിയിലെ ടി.പി.മൂസ്സ മെമ്മോറിയൽ ഹാളിൽവെച്ച് കർഷക സമ്പർക്കപരിപാടി നടത്തി. സംഘം പ്രസിഡണ്ട് ടി പി റഷീദിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാർ വാർഡ് മെമ്പർ ഒ എം വിജിന ഉദ്ഘാടനം ചെയ്തു. ഏറാമല വെറ്റിനറി സർജൻ ഡോ. അപർണ മാധവൻ ‘കറവപ്പശുക്കളിലെ അകിട് വീക്കം‘ എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. വടകര ബ്ലോക്ക് ക്ഷീര വികസന ഓഫീസർ കെ. ബാസിമ ക്ഷീര കർഷകർക്കായി സർക്കാർ പ്രഖ്യാപിച്ച പുതിയ പദ്ധതികളെക്കുറിച്ച് വിവരിച്ചു. ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ്, കർഷകരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്, പെൺ മക്കൾക്കുള്ള വിവാഹ സഹായം എന്നിവ എങ്ങനെ അപേക്ഷിക്കണമെന്ന് വടകര ബ്ലോക്ക് ഡി എഫ് ഐ സുനിഷ വിശദീകരിച്ചു.ജൂൺ മാസം സംഘത്തിൽ പാലളന്ന കർഷകർക്ക് മിൽമ അനുവദിച്ച പ്രകാരമുള്ള അധികവില ചടങ്ങിൽ വിതരണം ചെയ്തു.സംഘം ഡയറക്ടർ സി ബാബു സ്വാഗതവും സംഘം സെക്രട്ടറി ആഷ്ന എം സി നന്ദിയും പറഞ്ഞു.

