
കുന്നംകുളത്ത് പള്ളി പെരുന്നാളിനിടെ രാത്രി റോഡരികില്‍ ഇരുന്നിരുന്ന സിപിഎം ബ്രാഞ്ച് സെക്രട്ടറിയടക്കമുള്ളവരെ അകാരണമായി മര്‍ദിച്ച കുന്നംകുളം സ്റ്റേഷന് ഇന്‍സ്പെക്ടര്‍ വൈശാഖിനെ സ്ഥലം മാറ്റി. തൃശൂര്‍ ഒല്ലൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍നിന്നും സ്ഥലമാറ്റ ഉത്തരവ് ലഭിച്ച വൈശാഖ് വ്യാഴാഴ്ച ഉച്ചയോടെ ഒല്ലൂര്‍ സ്റ്റേഷനില്‍ ചാര്‍ജെടുത്തു. തുടര്‍ന്ന് അവധിയില്‍ പ്രവേശിച്ച അദ്ദേഹം വൈകിട്ട് സ്വദേശമായ തിരുവനന്തപുരത്തേക്ക് പോയി. മനുഷ്യത്വരഹിതമായ സമീപനമാണ് വൈശാഖ് സിപിഎം പ്രവര്‍ത്തകരോട് കാണിച്ചതെന്ന് സിപിഎം കുന്നംകുളം ഏരിയാ നേതൃത്വം പ്രസ്താവനയില്‍ കുറ്റപ്പെടുത്തിയിരുന്നു. വൈശാഖിനെതിരേ നടപടിയുണ്ടാകുമെന്ന പാര്‍ട്ടി നേതൃത്വത്തിന്റെ ഉറപ്പ് തുടക്കം മുതലേ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കിട്ടിയിട്ടുണ്ടായിരുന്നു.

