
വടകര: ലഹരി മാഫിയ കേസുമായി ബന്ധപ്പെട്ട് വടകര പോലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിലുണ്ടായ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ട 12 പ്രവർത്തകർക്ക് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.പോലീസ് സ്റ്റേഷൻ ആക്രമിച്ചു, ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥരെ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിക്കാൻ ശ്രമിച്ചു തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പ്രദേശത്തെ ലഹരി സംഘങ്ങൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. തുടർന്ന് മാർച്ചിൽ സംഘർഷമുണ്ടാവുകയും പോലീസ് കേസെടുക്കുകയുമായിരുന്നു.
കേസിൽ അറസ്റ്റ് സാധ്യത മുന്നിൽക്കണ്ടാണ് പ്രവർത്തകർ കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വാദങ്ങൾ പരിഗണിച്ച കോഴിക്കോട് സെഷൻസ് കോടതി പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകർക്ക് വേണ്ടി അഡ്വ. കെ.എം. രാംദാസ് കോടതിയിൽ ഹാജരായി.

