
ഐപിഎം നാഷണൽ യൂണിവേഴ്സിറ്റി ചാലഞ്ചർ കപ്പ് ടൂർണമെന്റിന്റെ രണ്ടാം സീസൺ 2026 ഡിസംബർ അവസാനത്തോടെ നടത്തുന്നതിന് വേണ്ടി സ്വാഗതസംഘം രൂപികരിച്ചു. യോഗത്തിൽ വാർഡ് കൗൺസിലർ വി.കെ.മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. നഗര സഭ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.സതീശൻ മാസ്റ്റർ, മുൻ ദേശീയ കോച്ച് സേതുമാധവൻ, പി.പി.രാജൻ, പുറന്തോടത്ത് സുകുമാരൻ, ശ്രീധരൻ വെള്ളിക്കുളങ്ങര, ശശിധരൻ കെ, രാധാകൃഷ്ണൻ ടി പി, പി. കെ രാമചന്ദ്രൻ , ബഷീർ പട്ടാര, മൂസ നാസ്സർ മുതലായവർ സംസാരിച്ചു. വി.എം.ഷീജിത്ത്, പ്രസാദ്.കെ എന്നിവർ ടൂർണമെന്റിനെപ്പറ്റിയും സെമിനാറിനെപ്പറ്റിയുമുള്ള വിവരങ്ങൾ വിശദീകരിച്ചു. നരേന്ദ്രൻ സ്വാഗതവും രഞ്ജുമോൻ നന്ദിയും പറഞ്ഞു. എസ്.ഷാജു (ഊരാളുങ്കൽ സൊസൈറ്റി പ്രസിഡന്റ്) ചെയർമാൻ ആയും പി.കെ.സതീശൻ മാസ്റ്റർ, മുഹമ്മദ് അലി എന്നിവർ വൈസ് ചെയർമാൻമാർ ആയും നരേന്ദ്രൻ കൊടുവട്ടാട്ട് ജനറൽ കൺവീനർ ആയും രഞ്ജുമോൻ ജോയിന്റ് കൺവീനർ ആയും മണി ബാബു ഫിനാൻസ് കമ്മറ്റി ചെയർമാനും ആയി ഉള്ള 110 അംഗ സ്വാഗത സംഘം രൂപികരിച്ചു. 24 പേരുള്ള ഉപദേശക സമിതിയെയും 32 പേരുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയെയും 16 സബ് കമ്മിറ്റികളെയും തിരഞ്ഞെടുത്തു.

കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന ഐപിഎം നാഷണൽ യൂണിവേഴ്സിറ്റി ചാലഞ്ചർ കപ്പ് ടൂർണമെന്റ്റ് സംഘാടക, സാങ്കേതിക മികവുകൾ കൊണ്ട് ദേശീയ തലത്തിൽ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വടകരയുടെ പേര് ദേശീയ വോളി സർക്യൂട്ടിലേക്കു ഉയർത്താനും കടത്തനാട് വോളിയുടെ ഉന്നമനത്തിനായി യുണൈറ്റഡ് വടകര വോളി ടാസ്ക് ഫോഴ്സ് രൂപീകരിച്ചു വിപുലമായ പദ്ധതികൾക്ക് തുടക്കം കുറിക്കാനും ആ ടൂർണമെന്റിന്റെ സംഘാടക കൂട്ടായ്മക്ക് കഴിഞ്ഞു.
വോളി വികസനത്തിനുള്ള പ്രയത്നം തുടരാനും ഐപിഎം അക്കാദമി നൽകുന്ന സൗജന്യ സേവനങ്ങൾക്കായി ധനസമാഹരണം നടത്താനും ആണ് ടൂർണമെന്റിലൂടെ ലക്ഷ്യമിടുന്നത്. കളികൾ മേപ്പയിൽ ഐപിഎം അക്കാദമിയിൽ വെച്ച് സൗജന്യമായി നടത്താനും ഓൺലൈൻ ആയി തത്സമയം സംപ്രേഷണം ചെയ്യാനും യോഗം ഏകകണ്ഠമായി തീരുമാനിച്ചു
ഇന്ത്യയിലെ പ്രമുഖ യൂണിവേഴ്സിറ്റികളുടെ ആറു പുരുഷ ടീമുകളും 4 വനിതാ ടീമുകളും ടൂർണമെന്റിൽ പങ്കെടുക്കും. 2 പൂളുകളിലായി ലീഗ് അടിസ്ഥാനത്തിൽ 7 പുരുഷ മത്സരങ്ങളും നോക്ക് ഔട്ട് അടിസ്ഥാനത്തിൽ 3 വനിതാ മത്സരങ്ങളും ഉണ്ടായിരിക്കും. ടൂർണമെന്റിനോട് അനുബന്ധിച്ചു ഗഹനമായ പാനൽ ചർച്ചകൾ ഉൾപ്പെടുന്ന സെമിനാറും ഉണ്ടാവും എന്ന് സംഘാടകർ അറിയിച്ചു.
