
ക്ലിഫ് ഹൗസിൽ പകർച്ചവ്യാധി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പനി പടരുന്നു. അഞ്ചു പൊലീസുകാർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ക്ലിഫ് ഹൗസിൽ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഡെങ്കിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ ചികിത്സ തേടി.

അതേസമയം മഴക്കാലത്ത് മാത്രം കണ്ടുവന്നിരുന്ന ഡെങ്കിപ്പനി കേരളത്തിൽ ഇപ്പോൾ വർഷം മുഴുവൻ നിലനിൽക്കുന്ന രോഗമായി മാറുന്നതിന്റെ സൂചനകളാണ് കണക്കുകൾ നൽകുന്നത്. ഈ വർഷം സെപ്റ്റംബർ 24 വരെ സംസ്ഥാനത്ത് 11,281 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 42 പേർ മരിച്ചു. 2025ൽ ആകെ 10,886 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്, അന്ന് 56 മരണവും റിപ്പോർട്ട് ചെയ്തിരുന്നു. സാധാരണ രോഗബാധ കുറയുന്ന ജനുവരിയിൽ പോലും 378 പേർക്ക് രോഗം ബാധിക്കുകയും നാലുപേർ മരിക്കുകയും ചെയ്തു. മൺസൂൺ ദുർബലമായ സെപ്റ്റംബറിലെ ആദ്യ 24 ദിവസങ്ങളിൽ മാത്രം 1,330 പേർക്ക് രോഗം സ്ഥിരീകരിച്ചു.
