
പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും. രണ്ടു മണിക്കൂറോളം സമയമാണ് അദ്ദേഹം സംസ്ഥാനത്തുണ്ടാകുക. ജനുവരി 23ന് രാവിലെ 10.30ന് വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി, കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍ തുടര്‍ച്ചയായി പങ്കെടുക്കും. റെയിൽവേയുടെ നാല് പുതിയ ട്രെയിനുകളുടെ ഫ്ലാഗ് ഓഫ്, തിരുവനന്തപുരം നഗരസഭയുടെ നഗരവികസന രേഖയുടെ പ്രഖ്യാപനം, ബിജെപി പൊതു സമ്മേളനം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റെയിൽവേക്കായി പ്രധാന വേദിക്ക് സമീപം 500 പേർക്ക് ഇരിക്കാവുന്ന പ്രത്യേക വേദി ഒരുക്കാനാണ് തീരുമാനം. രാവിലെ 10.45 മുതല്‍ 11.20 വരെയുള്ള റെയില്‍വേയുടെ പരിപാടിയില്‍ മോദി പങ്കെടുക്കും. നാല് ട്രെയിനുകളുടെയും വിവിധ റെയില്‍വേ പദ്ധതികളുടെയും ഉദ്ഘാടനം നിര്‍വഹിക്കും.
തിരുവനന്തപുരത്തു നിന്ന് ആരംഭിക്കുന്ന അമൃത് ഭാരത് ട്രെയിൻ സർവീസിനുള്ള റേക്കുകളിലൊന്ന് തിരുവനന്തപുരം നോർത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പ്രധാനമന്ത്രി പുതിയ ട്രെയിനുകൾ ഉദ്ഘാടനം ചെയ്യും.

