
മലയാള സിനിമയുടെ ആഗോള സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി പനോരമ സ്റ്റുഡിയോസ് തങ്ങളുടെ നാല് ചിത്രങ്ങളുടെ ഓവർസീസ് വിതരണത്തിനായി പ്രമുഖ വിതരണക്കാരായ ഫാർസ് ഫിലിമുമായി കരാറിലെത്തി. ലോകമെമ്പാടുമുള്ള പ്രധാന അന്താരാഷ്ട്ര മാർക്കറ്റുകളിൽ മലയാള ചിത്രങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സഹകരണം.
ഫെബ്രുവരി 6-ന് റിലീസ് ചെയ്യുന്ന റഹ്മാൻ, ഭാവന എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ‘അനോമി’ ആണ് ഈ കരാറിന് കീഴിൽ ആദ്യം പുറത്തിറങ്ങുന്ന ചിത്രം. ഇതിന് പിന്നാലെ ഏപ്രിൽ 2-ന് ആഗോളതലത്തിൽ മോഹൻലാൽ ചിത്രം ‘ദൃശ്യം 3’ തിയെറ്ററുകളിലെത്തും. കൂടാതെ ആസിഫ് അലി നായകനാകുന്ന ‘ടിക്കി ടാക്ക’, കുഞ്ചാക്കോ ബോബനും ലിജോമോൾ ജോസും കേന്ദ്രകഥാപാത്രങ്ങളായ പനോരമ സ്റ്റുഡിയോസിന്റെ ‘പ്രൊഡക്ഷൻ നമ്പർ 3’ എന്നീ ചിത്രങ്ങളും ഫാർസ് ഫിലിം വിതരണത്തിനെടുത്തിട്ടുണ്ട്.
അഹമ്മദ് ഗോൾചിൻ സ്ഥാപിച്ച ഫാർസ് ഫിലിം, ഈ നാല് ചിത്രങ്ങളുടെയും വിദേശത്തുള്ള വിതരണവും പ്രദർശനവും പൂർണ്ണമായും നിയന്ത്രിക്കും. ഹോളിവുഡ്, ബോളിവുഡ് സിനിമകളുടെ വിതരണ രംഗത്തെ തങ്ങളുടെ വലിയ ശൃംഖല ഉപയോഗിച്ച് മലയാള സിനിമയെ കൂടുതൽ രാജ്യങ്ങളിലേക്ക് എത്തിക്കാനാണ് ഇവർ പദ്ധതിയിടുന്നത്.

