
വടകര: നിരന്തരമായ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ ഓരോന്നായി ഹനിക്കപ്പെടുന്ന സാഹചര്യത്തിൽ ശക്തമായ തൊഴിലാളി സമരങ്ങൾ ഉയർന്നു വരേണ്ടതുണ്ടെന്ന് ഐ എൻ ടി യു സി കോഴിക്കോട് ജില്ലാ സെക്രട്ടറി രഞ്ജിത്ത് കണ്ണോത്ത് അഭിപ്രായപ്പെട്ടു.
തപാൽ വകുപ്പിലെ സ്വകാര്യ വത്കരണ ശ്രമങ്ങൾക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി വടകരയിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ലേബർ കോഡ് അടിമുടി പൊളിച്ചെഴുതി കോർപ്പറേറ്റ് താല്പര്യങ്ങൾ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. സ്വകാര്യ വത്കരണ ശ്രമങ്ങളുടെ ഭാഗമായി അശാസ്ത്രീയമായ വിധം ബിസിനസ് ടാർഗറ്റ്റുകൾ അടിച്ചേൽപ്പിച്ചു ജീവനക്കാരെ മാനസികമായി പീഡിപ്പിക്കുന്ന അധികാരികളുടെ സമീപനങ്ങൾക്കെതിരെ തപാൽ ജീവനക്കാരുടെ പോരാട്ടങ്ങൾക്ക് പൊതു സമൂഹം ഒപ്പം നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തപാൽ ജീവനക്കാരുടെ ദേശീയ യൂണിയൻ ആയ എഫ് എൻ പി ഒ യുടെ നേതൃത്വത്തിൽ എൻ എ പി ഇ, എൻ യു പി ഇ, എൻ യു ജി ഡി എസ് തുടങ്ങിയ വിവിധ സംഘടനകൾ സമരത്തിൽ പങ്കെടുക്കുന്നുണ്ട്.
പോസ്റ്റ് ഓഫീസ് ആക്ട് 2023 പാർലമെന്റ് പാസാക്കിയതോടെ അതിവേഗ സ്വകാര്യ വത്കരണ ശ്രമങ്ങളാണ് തപാൽ വകുപ്പിനകത്ത് നടന്നു വരുന്നത്. ജീവനക്കാരുടെയും പൊതുജനങ്ങളുടെയും പ്രതിഷേധങ്ങളെ അവഗണിച്ചു കൊണ്ട് ഓഫീസുകൾ അടച്ചു പൂട്ടുന്ന നിലപാട് അധികാരികൾ തുടരുകയും ചെയ്യുന്നു. വടകരയിൽ തന്നെ ബീച്ച് സബ് പോസ്റ്റ് ഓഫീസ്, ആർ എം എസ്, പേരാമ്പ്ര കിഴിഞ്ഞാണ്യം പോസ്റ്റ് ഓഫീസ് എന്നിവ ഇതിനകം അടച്ചു പൂട്ടി കഴിഞ്ഞു. വരും ദിവസങ്ങളിൽ സമരം ശക്തമാക്കാനാണ് സംഘടനകളുടെ തീരുമാനം. വടകര പോസ്റ്റൽ സൂപ്രണ്ട് ഓഫീസിന് മുന്നിൽ നടക്കുന്ന രാപ്പകൽ സമരം നാളെയും തുടരും. സമര പരിപാടിയിൽ എൻ യു ജി ഡി എസ് സംസ്ഥാന ട്രഷറർ പി സുകുമാരൻ അധ്യക്ഷത വഹിച്ചു. സുബിൻ വത്സലൻ, കെ എം ഉണ്ണികൃഷ്ണൻ, മയൂഖ ഭാർഗവൻ, പ്രബീഷ് കെ കെ, അശ്വതി ടി എൻ, ബാലകൃഷ്ണൻ വിലങ്ങാട്, പ്രദീപ് കുമാർ പള്ളൂർ, ജി എസ് മനോജ് പ്രസംഗിച്ചു. സി ആർ കുഞ്ഞി മുഹമ്മദ് സ്വാഗതവും ദിപിൻ സി ആർ നന്ദിയും പറഞ്ഞു.

