
വടകര: മണ്ഡലത്തിലെ പൂര്‍ത്തീകരിക്കാത്ത കിഫ്ബി പദ്ധതികള്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനമായതായി കെ.കെ രമ എം.എല്‍.എ. ഇതുസംബന്ധിച്ച് കിഫ്ബി സി.ഇ.ഒ ഡോ.കെ.എം എബ്രഹാമും പങ്കെടുത്ത അവലോകന യോഗത്തിലാണ് തീരുമാനം. വടകരയിലെ കിഫ്ബി പദ്ധതികളില്‍ പ്രധാനമായ റവന്യു ടവര്‍, മത്സ്യമാര്‍ക്കറ്റ്, താഴെ അങ്ങാടി ഹെറിറ്റേജ് എന്നീ പ്രവര്‍ത്തികളുടെ അവലോകനമാണ് നടത്തിയത്. തറക്കല്ലിട്ട് മൂന്നുവര്‍ഷമായിട്ടും റവന്യുടവര് ഇതുവരെ തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതില്‍ ടെണ്ടര്‍ നെഗോസിയേഷന് പൂര്‍ത്തിയാക്കി 13ന് മുന്‍പ് ഊരാളുങ്കല്‍ സൊസൈറ്റിയുമായി കരാര്‍ ഒപ്പുവെക്കാന്‍ തീരുമാനമായി. 2017ലെ ബജറ്റ് പദ്ധതിയായിരുന്ന മത്സ്യമാര്‍ക്കറ്റിന് 2019ല്‍ ഭരണാനുമതി ലഭിച്ചെങ്കിലും പിന്നീട് മുന്നോട്ടു നീങ്ങിയിരുന്നില്ല. തുടര്‍ന്ന് 2023ലാണ് ഇതിന് കിഫ്ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചത്. മത്സ്യമാര്‍ക്കറ്റിന്റെ പ്രവര്‍ത്തി എത്രയും വേഗം തുടങ്ങാനും യോഗത്തില്‍ തീരുമാനമായതായി എം.എല്‍.എ പറഞ്ഞു. ഫെബ്രു.11ന് ഇംപാക്ട് കേരള തിരുത്തലുകള്‍ വരുത്തി ഡി.പി.ആര് സമര്‍പ്പിക്കാനും 15നുള്ളില്‍ കിഫ്ബിയുടെ അംഗീകാരം നല്‍കാനും 18 നുള്ളില്‍ തദ്ദേശസ്ഥാപനങ്ങളുടെ ചീഫ് എന്‍ജിനീയറുടെ നേതൃത്വത്തിലുള്ള സാങ്കേതികാനുമതി കമ്മിറ്റി വിളിച്ചു അനുമതി നല്‍കാനും തീരുമാനിച്ചു. സാങ്കേതിക അനുമതി ലഭിച്ചാല്‍ ഉടനെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കും. താഴെയങ്ങാടി ഹെറിറ്റേജ് പ്രോജക്ടിന്റെ ഭാഗമായുള്ള പ്രവര്‍ത്തിയോടൊപ്പം റോഡ് നിര്‍മാണം കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തി എത്രയും വേഗം പൂര്‍ത്തിയാക്കാനും അവലോകനയോഗം തീരുമാനിച്ചതായും കെ.കെ രമ എം.എല്‍.എ അറിയിച്ചു

