
വിഴിഞ്ഞം: തിരുവനന്തപുരം: തിരുവനന്തപുരം വിഴിഞ്ഞത്തെ സായാഹ്ന ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച ആറംഗം കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം. രണ്ട് പേർ ചികിത്സയിലാണ്. കുടുംബത്തോടൊപ്പം കഴിഞ്ഞ ദിവസം സീ ഫുഡ് കഴിക്കാനെത്തിയ കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി (48), ഭാര്യയുടെ അമ്മയായ റഷീദാ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീനയെ പാരിപ്പള്ളി ആശുപത്രിയിലെ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്. ഇവർക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേർക്ക് ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലർജിയാണെന്നാണ് ഡോക്ടർമാരിൽ നിന്നും ലഭിക്കുന്ന പ്രാഥമിക സൂചന. ഭക്ഷ്യവിഷബാധയെന്നത് പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാലേ സ്ഥിരീകരിക്കാനാകൂവെന്നാണ് വിഴിഞ്ഞം പൊലീസ് വിശദമാക്കുന്നത്.
വൈകുന്നേരം മാത്രം പ്രവർത്തിക്കുന്ന ഭക്ഷണശാലയായ ‘അസ്മാക്’ നിന്നുമാണ് ഇവർ ഭക്ഷണം കഴിച്ചത്. ഭക്ഷണം കഴിച്ച ശേഷം നിലമേലിലേക്ക് വരുന്നതിനിടെ നെഞ്ച് വേദന തോന്നിയതാണ് ആശുപത്രിയിലെത്താൻ കാരണം. ഭക്ഷ്യവിഷബാധയാണെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് കഴിച്ചതെന്ന് ഇവരുടെ ബന്ധു നവാസ് പറയുന്നത്. കഴിച്ച് നിലമേൽ വരെ എത്തിയതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. പിന്നാലെയാണ് ഇവരെ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് മെഡിക്കൽ കോളെജിലേക്കും പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ എത്രപേർ ഒരേ ഭക്ഷണം കഴിച്ചിട്ടുണ്ടെന്നും എന്ത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയാണോയെന്ന് അറിയില്ലെന്നുമാണ് ബന്ധുക്കൾ പറയുന്നത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെയാണ് റഷീദ ബീവി മരിക്കുന്നത്. ഭക്ഷ്യസുരക്ഷാവകുപ്പ് സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഹോട്ടൽ താൽക്കാലികമായി അടപ്പിച്ച് സാംപിൾ ശേഖരിച്ചിട്ടുണ്ട്. ഈ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ ഭക്ഷ്യവിഷബാധ സംബന്ധിയായ അസ്വസ്ഥതയുണ്ടായതായി ആരിൽ നിന്നും പരാതിയുണ്ടായിട്ടില്ലെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.

