
തിരുവനന്തപുരം: സംസ്ഥാനത്ത് വോട്ടെടുപ്പ് മൂന്ന് മണിക്കൂർ പിന്നിടുമ്പോൾ മുഖ്യമന്ത്രി ഉൾപ്പടെയുള്ള പ്രമുഖർ വോട്ട് ചെയ്തു. രാവിലെ ഏഴ് മണിക്കാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ പിണറായിയിലെ ആർ.സി അമല ബേസിക് സ്കൂളിൽ കുടുംബത്തോടൊപ്പമെത്തി വോട്ട് ചെയ്തു. വികസനതുടർച്ചയ്ക്ക് എൽഡിഎഫ് തുടരണമെന്നും നാടിന്റെ പുരോഗതി പ്രതിബദ്ധതയോടെ ഉറപ്പുവരുത്താൻ എൽഡിഎഫിന് മാത്രമേ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പുരോഗതിക്ക് ഇടവേളയുണ്ടാകരുത്. ഞങ്ങൾ ജനങ്ങൾക്കൊപ്പമാണെന്നും, ജനങ്ങൾ ഞങ്ങൾക്കൊപ്പമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

