
പ്രണയം തുടർന്നതിന്റെ വൈരാഗ്യത്തിൽ മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. വന്ദന ചൗബേയ് എന്ന പെൺകുട്ടിയെയാണ് പിതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് മുഖം തിരിച്ചറിയാനാകാത്ത വിധത്തിൽ ആസിഡ് ഒഴിച്ച് വികൃതമാക്കി. കൊലപാതകത്തിന് ശേഷം മൃതദേഹം റോഡരികിൽ ഉപേക്ഷിക്കുകയായിരുന്നു. വിജയ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്തുവരികയാണ്.
കാമുകനുമായുള്ള ബന്ധം അവസാനിപ്പിക്കാൻ വീട്ടുകാർ പലതവണ പെൺകുട്ടിയോട് പറഞ്ഞിരുന്നു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ പെൺകുട്ടി കാമുകനൊപ്പം ഒളിച്ചോടിയിരുന്നു. കുട്ടിയെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും പോക്സോ കേസിൽ യുവാവ് മൂന്ന് മാസം ജയിലിൽ കിടന്നു. നവംബറിൽ ജയിലിൽ നിന്നിറങ്ങിയ യുവാവുമായി പെൺകുട്ടി വീണ്ടും ബന്ധം തുടർന്നു. നിരവധി തവണ ബന്ധുക്കൾ വിലക്കിയിരുന്നു.
കുടുംബത്തിന് അപമാനം വരുത്തിയെന്ന പേരിലാണ് വിജയ് കുമാർ 16-കാരിയെ ക്രൂരമായി കൊലപ്പെടുത്തിയത്. സുഹൃത്തായ അബ്ദുൾ മന്നാനുമായി ചേർന്ന് വിജയ് കുമാർ കൊലപാതകം ആസൂത്രണം ചെയ്തിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഏപ്രിൽ 13 നാണ് കൊലപാതകം നടന്നത്. രാജസ്ഥാനിലേക്ക് പോകുന്നതിനിടെയായിരുന്നു അരുംകൊല. ഉറങ്ങികിടന്നിരുന്ന കുട്ടിയെ ശ്വാസംമുട്ടിപ്പിച്ച് കൊലപ്പെടുത്തി. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയതിന് ശേഷം റോഡരികിൽ തള്ളുകയായിരുന്നു.

