
വടകര കൊളാവിപ്പാലത്ത് പുഴയിൽ മത്സ്യബന്ധനത്തിന് പോയ ആൾ മുങ്ങിമരിച്ചു. കൊളാവിപ്പാലം ബീച്ച് ചെറിയാവി കുഞ്ഞിക്കണ്ണനാണ് മരിച്ചത്.
ഇന്ന് രാവിലെയാണ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് കുഞ്ഞിക്കണ്ണൻ മത്സ്യബന്ധനത്തിനായി പുഴയിലേക്ക് പോയത്. എന്നാൽ ഏറെ സമയം കഴിഞ്ഞിട്ടും ഇദ്ദേഹത്തെ കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. തുടർന്ന് പുഴയിൽ ആളില്ലാത്ത നിലയിൽ തോണി ഒഴുകിനടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെയാണ് നാട്ടുകാർ ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചത്.
തുടർന്ന് നടത്തിയ വിശദമായ തിരച്ചിലിനൊടുവിലാണ് പുഴയിലെ കണ്ടൽക്കാടുകൾക്കിടയിൽ കുഞ്ഞിക്കണ്ണൻ്റെ മൃതദേഹം കണ്ടെത്തുന്നത്. വിവരമറിഞ്ഞ് വടകര പോലീസും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് മൃതദേഹം പുഴയിൽ നിന്നും പുറത്തെടുത്തത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ഇപ്പോൾ വടകര ജില്ലാ ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബദ്ധുകൾക്കു വിട്ടുനൽകും.

