
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്ത വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി സംഘത്തെ ആക്രമിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാവ് ദേവന്. സംഭവത്തിലൂടെ നെഗറ്റീവ് ഇംപാക്ട് ആണ് സിപിഐഎമ്മിനും ഡിവൈഎഫ്ഐക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
നമ്മുടെ മുന്‍ മുഖ്യമന്ത്രി വലിയൊരു ഇഷ്യുവിലേക്ക് നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കാന്‍ വേണ്ടി അവരുടെ പാര്‍ട്ടിയും ഡിവൈഎഫ്ഐയും കൂടി ചേര്‍ന്ന് ചെയ്തതായിട്ടാണ് എനിക്ക് തോന്നുന്നത്. അവരുടെ പാര്‍ട്ടിയില്‍ തന്നെ പിണറായി വിജയന് സാറിനെ ഒറ്റപ്പെടുത്താനുള്ള ധാരാളം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ കമ്മിറ്റികളിലും അത് വളരെ പ്രകടമായി നമ്മള് കാണുന്നുണ്ട്. പിണറായി വിജയന് പ്രതിപക്ഷ നേതാവാകരുത് എന്ന് പറയുകയാണ്. ഇത് സിപിഐഎമ്മും ഡിവൈഎഫ്ഐയും ഒത്തുകളിച്ചിട്ട് പിണറായി വിജയന് പ്രശ്നമുണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയൊരു നാടകം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നത് – അദ്ദേഹം പറഞ്ഞു.
അതേസമയം, ഇഡി ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം തകര്‍ത്ത സംഭവത്തില്‍ ഖേദം പ്രകടിപിച്ച് സിപിഐഎം തിരുവനന്തപുരം അക്ടിങ് ജില്ലാ സെക്രട്ടറി എ എ റഹീം എംപി. കേടുപാടുണ്ടായ കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നല്കുന്നതില് പാര്‍ട്ടിക്ക് ധാര്‍മികതയുണ്ട്. കാര്‍ ഡ്രൈവര്‍ ശ്യാമുമായി നേതാക്കള്‍ സംസാരിച്ചുവെന്നും എഎ റഹീം പറഞ്ഞു.

