
യുദ്ധത്തെ പ്രധാന വരുമാന മാർഗ്ഗമായിക്കാണുന്ന പുതിയ ലോകക്രമം മാനവരാശിക്ക് ഭീഷണിയാണെന്ന് ഗാസയിലെ യു.എൻ. എമർജൻസി മെഡിക്കൽ സംഘം ഡയറക്ടർ ഡോ.എസ് എസ് സന്തോഷ് കമാർ പ്രസ്താവിച്ചു.യുദ്ധത്തെ മികച്ച വ്യവസായമായി ചെറിയ രാജ്യങ്ങൾപോലും തിരിച്ചറിഞ്ഞു തുടങ്ങി. അതിർത്തി തർക്കങ്ങളല്ല സാമ്പത്തികവും രാഷ്ട്രീയവുമായ ലക്ഷ്യങ്ങളാണ് യുദ്ധങ്ങളെ അനിശ്ചിതമായി നീട്ടിക്കൊണ്ടു പോകുന്നത്. ഗാസയിൽ നടന്നത് പ്രത്യക്ഷമായ വംശഹത്യയാണെന്നറിഞ്ഞിട്ടും ലോകരാജ്യങ്ങൾ കുറ്റവാളികൾക്കൊപ്പം നിന്നത് ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുദ്ധമുഖത്ത് കണ്ടുമുട്ടിയ മനുഷ്യർ അനുഭവങ്ങളുടെ വലിയ പുസ്തകങ്ങളായി തൻ്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടതിൻ്റെ നാൾവഴികളും അദ്ദേഹം പങ്കുവച്ചു.
വടകര സാഹിത്യ വേദി സംഘടിപ്പിക്കുന്ന ഹ്യൂമൺ ലൈബ്രറി പ്രഭാഷണ പരമ്പര വടകരയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗാസയിലെ നേർസാക്ഷ്യമായി യുദ്ധമുഖത്ത് നിന്ന് അദ്ദേഹം പകർത്തിയ ഹൃദയഭേദകമായ ചിത്രങ്ങൾ പ്രദർശിപ്പികൊണ്ടായിരുന്നു പ്രഭാഷണം. സദസ്സുമായി സംവാദവും നടന്നു. സാഹിത്യവേദി പ്രസിഡൻ്റ് വീരാൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു.ഡോ.എ.കെ രാജൻ, പി കെ രാമചന്ദ്രൻ, പുറന്തോടത്ത് ഗംഗാധരൻ, വി പി രമേശൻ, പി പി രാജൻ പ്രസംഗിച്ചു

