
തിരുവനന്തപുരം: കോർപറേഷനിലെ സ്ഥാനാർത്ഥി പട്ടിക പുറത്തുവരുന്നതിനു മുൻപേ ബിജെപി ശക്തികേന്ദ്രമായ നേമത്ത് പൊട്ടിത്തെറി. സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലിയുള്ള ഭിന്നതയെ തുടർന്ന് ബിജെപി നേമം ഏരിയാ പ്രസിഡന്റ് എം ജയകുമാർ രാജിവെച്ചു. എം ആർ ഗോപനെ സ്ഥാനാർത്ഥിയാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ചാണ് രാജി. നിലവിലെ കൗൺസിലർ ദീപികയെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ആവശ്യം. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥിയായി ഗോപൻ വന്നത് അംഗീകരിക്കാൻ ആകില്ലെന്ന് ജില്ലാ പ്രസിഡന്റിന് അയച്ച കത്തിൽ ജയകുമാർ പറയുന്നു.കഴിഞ്ഞ 43 വർഷമായി സംഘടനാ പ്രവർത്തനം നടത്തുന്ന തനിക്ക് പാർട്ടിയിൽനിന്നു നീതി ലഭിച്ചില്ലെന്നും നേമം വാർഡിൽ മത്സരിക്കാൻ ആ വാർഡിലുള്ള ഒരാളെത്തന്നെ പരിഗണിക്കണമെന്ന പാർട്ടി പ്രവർത്തകരുടെ ആവശ്യം നേതൃത്വം പരിഗണിച്ചില്ലെന്നും ജില്ലാ പ്രസിഡന്റ് കരമന ജയനും നേമം മണ്ഡലം പ്രസിഡന്റ് കരുമം രാജേഷിനും അയച്ച രാജിക്കത്തിൽ പറയുന്നു.കഴിഞ്ഞതവണ പൊന്നുമംഗലം വാർഡിൽനിന്നു വിജയിച്ച എം ആർ ഗോപനാണ് നേമത്ത് സ്ഥാനാർത്ഥിയായി വരുന്നതെന്ന സൂചനയെത്തുടർന്നാണ് പാർട്ടിയിൽ ഭിന്നത തുടങ്ങിയത്. നിലവിലെ ബിജെപി കൗൺസിലറെ പരാജയപ്പെടുത്താൻ എം ആർ ഗോപൻ ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങളും കത്തിൽ ജയകുമാർ ഉന്നയിക്കുന്നുണ്ട്

