
ഗൺമാന്മാരുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഐടിയുടെ ഹർജിയിൽ ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. എസ്ഐടിയുടെ ഹർജി 27 ന് പരിഗണിക്കും. പ്രതികളെ എസ്ഐടി മൂന്ന് ദിവസം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രധാന ചോദ്യങ്ങളോട് പൂർണ നിസഹകരണമാണ് പ്രതികൾ പുലർത്തിയത്. മർദിക്കാൻ ഉപയോഗിച്ച ലാത്തിക്ക് സമാനമായ ചൂരൽ വടി എവിടെ നിന്ന് കിട്ടിയെന്ന ചോദ്യത്തിന് ഇതുവരെ മറുപടി നൽകിയില്ല.വകുപ്പ് നൽകിയ ലാത്തിയാണെന്നും, യാത്ര സമാപിച്ചപ്പോൾ പൊലീസ് ആസ്ഥാനത്ത് തിരികെ ഏൽപ്പിച്ചുവെന്നുമുള്ള മൊഴി പ്രതികൾ ആവർത്തിക്കുമ്പോൾ, അത് പൂർണമായും തള്ളുകയാണ് എസ്ഐടി. മർദനത്തിനുപയോഗിച്ച ആയുധം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ചോദ്യം ചെയ്യലിലെ നിസഹരണം കോടതിയെ ധരിപ്പിക്കാനാണ് എസ്ഐടി തീരുമാനം.മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ കല്ലിയൂർ, സന്ദീപ് എസ്, വിപിൻ, അരുൺ, ഷൈജു എന്നിവർക്കാണ് കേസിൽ മുൻകൂർ ജാമ്യം ലഭിച്ചിരുന്നത്. ആലപ്പുഴ ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസാണ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം അനുവദിച്ചത്. 2023 ഡിസംബറിലാണ് പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച പ്രവർത്തകരെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദ്ദിച്ചത്.

