
40 അടി ഉയരത്തിൽ ക്രെയിനിൽ കെട്ടിയിട്ട് വാൻ. മുഹറം ഘോഷയാത്രയ്ക്കിടെ പടക്കങ്ങൾ കുത്തിനിറച്ച് പൊട്ടിത്തെറിപ്പിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലെ ബദ്നഗറിലാണ് സംഭവമുണ്ടായത്. ആൾക്കൂട്ടം ചുറ്റും കൂടി നിൽക്കുമ്പോഴാണ് 40 അടി ഉയരത്തിൽ വച്ച് വാൻ സ്ഫോടനം നടത്തിയത്. ജൂൺ 24ാം തിയതിയാണ് സംഭവമുണ്ടായത്. സ്ഫോടനത്തിൽ നാല് പേർക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നതിനും ആളുകളെ ആകർഷിക്കുന്നതിനും വേണ്ടി പ്രാദേശിക അഖാഡകൾ തമ്മിലുള്ള മത്സരത്തിന്റെ ഭാഗമായാണ് ഈ അപകടകരമായ സ്റ്റണ്ട് നടത്തിയതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ വിശദമാക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെയാണ് പൊലീസ് സംഭവം ശ്രദ്ധിക്കുന്നത്. പിന്നാലെ പൊലീസ് അന്വേഷണം ആരംഭിക്കുകയും സംഘാടകർ ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുക്കുകയും ചെയ്യുകയായിരുന്നു.
ഘോഷയാത്ര ബദ്നഗറിലെ അദാൻ പ്രദേശത്ത് എത്തിയപ്പോഴായിരുന്നു ഈ സംഭവം. ലേ ഫിർ ആ ഗയേ എന്ന് എഴുതിയ ഒരു കാറാണ് സ്റ്റണ്ടിനായി ഉപയോഗിച്ചത്. രണ്ട് യുവാക്കൾ ചുവന്ന കൊടികൾ വീശിയതിന് തൊട്ടുപിന്നാലെയാണ് വലിയ സ്ഫോടനവും പുകപടലങ്ങളും ഉയർന്നത്. വൻ ജനക്കൂട്ടത്തിന് മുകളിലായി ക്രെയിൻ ഉപയോഗിച്ച് ഉയർത്തിയ കാറിനുള്ളിൽ റോക്കറ്റ് മാതൃകയിലുള്ള പടക്കങ്ങൾ തുടർച്ചയായി പൊട്ടിക്കുകയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. പടക്കങ്ങൾ പൊട്ടിയതിനെ തുടർന്നുണ്ടായ ഗ്യാസ് മർദ്ദം കാരണം കാറിന്റെ ഗ്ലാസുകൾ തകരുകയും ഒരു വലിയ ബോംബ് സ്ഫോടനം നടന്നതുപോലെയുള്ള പ്രതീതി സൃഷ്ടിക്കുകയുമായിരുന്നു. കാറിനുള്ളിൽ പടക്കങ്ങൾ അല്ലാതെ മറ്റ് സ്ഫോടകവസ്തുക്കൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

