
ഓർക്കാട്ടേരി ഒ.പി.കെ ബസ്റ്റോപ്പിന് സമീപം ലോൻഡ്രി സ്ഥാപനവും കേക്ക് ഷോപ്പും പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ മലിന ജലം കെട്ടിട ഉടമ പൊതു ഓടയിലേക്ക് ഒഴുക്കിയതുമായി ബന്ധപ്പെട്ട് നാട്ടുകാരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്. കെട്ടിടത്തിലെ വിവിധ മുറികളിൽ നിന്നുവരുന്ന മലിനജല ടാങ്ക് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടാണ് മലിനജലം പൊതു ഓടയിലേക്ക് ഒഴുക്കിയതെന്ന് ആരോഗ്യവകുപ്പ് കണ്ടെത്തി. പൊതു ഓടയിലേക്ക് പോയ മലിനജലം സമീപത്തെ കിണറുകൾ മലിനമാകാൻ സാധ്യതയുണ്ടെന്ന് വരെ ആരോഗ്യവിഭാഗം കണ്ടെത്തി. മലിനജല ടാങ്കിനുള്ളിലൂടെയാണ് സ്ഥാപനത്തിലേക്ക് പോകുന്ന കുടിവെള്ളത്തിന്റെ പൈപ്പും ഉള്ളത് എന്നും

ആരോഗ്യവിഭാഗത്തിന് ബോധ്യപ്പെട്ടു. പുറത്തേക്ക് ഒഴുക്കിയ മലിനജലം മുഴുവൻ ലൈസൻസ്ഡ് ടാങ്കർ ഉപയോഗിച്ച് ശാസ്ത്രീയമായി സംസ്കരിക്കാനാവശ്യമായ നിർദേശം കെട്ടിട ഉടമക്ക് നൽകുകയും മാലിന്യ സംസ്കരണ സംവിധാനവുമായി ബന്ധപ്പെട്ടുള്ള കെട്ടിടത്തിലെ മുഴുവൻ പ്രവർത്തനങ്ങളും ആരോഗ്യവകുപ്പ് തടഞ്ഞതായും ഓർക്കാട്ടേരി സി.എച്ച്.സി ഹെൽത്ത് സൂപ്പർവൈസർ സുരേന്ദ്രൻ കല്ലേരി അറിയിച്ചു . പരിശോധനക്ക് ജെ. എച്ച്. ഐ. സുബി ജോസഫ്, എപ്പിടഡെമോളജിസ്റ്റ് ഡോക്ടർ. ജിൻസി എന്നിവരും പങ്കെടുത്തു. ഷിഗല്ല, മഞ്ഞപ്പിത്തം, വയറിളക്കം പോലുള്ള മാരക രോഗങ്ങൾ അടിക്കടി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ഇത്തരം പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ കേരള പൊതുജനാരോഗ്യ നിയമം 2023 പ്രകാരം കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് ഓർക്കാട്ടേരി സി. എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോക്ടർ രമിത്ത് രവീന്ദ്രൻ അറിയിച്ചു.

