21കാരിയെ കെഎസ്ആർടിസി ബസ്റ്റാന്റിൽ ഓടിച്ചിട്ട് വെട്ടികൊലപ്പെടുത്തി, പ്രതി ഒളിവിൽ

കെഎസ്ആർടിസി ബസ്റ്റാന്റിൽ 21കാരിയായ നഴ്സിനെ വെട്ടികൊലപ്പെടുത്തി. കർണാടകയിലെ ബന്ദ്വാൾ ബിസി റോഡിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. തിരക്കേറിയ റോഡിൽ ആളുകൾ നോക്കിനിൽക്കെ യുവതിയെ കൊലപ്പെടുത്തിയതിനുശേഷം പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നുദക്ഷിണ കന്നട ജില്ലയിലെ കൊടംഗ് സ്വദേശിനി ലാവണ്യയാണ് കൊല്ലപ്പെട്ടത്. കല്ലട്കയിലെ സ്വകാര്യ ക്ളിനിക്കിൽ നഴ്സായിയിരുന്നു. ജോലി കഴിഞ്ഞ് തിരികെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് ലാവണ്യ ആക്രമിക്കപ്പെട്ടത്. ലാവണ്യയുടെ അകന്ന ബന്ധുവും ഒഡിൽനാല സ്വദേശിയുമായ ചേതൻ ആണ് പ്രതി.
സംഭവദിവസം ബിസി റോഡ് ബസ്റ്റാന്റിൽ നിന്ന് ലാവണ്യ കക്യാപടവിലേയ്ക്കുള്ള ബസ് കയറി. ഈ സമയം സമീപത്തായി കാറിൽ കാത്തിരിക്കുകയായിരുന്ന ചേതനും ഇതേ ബസിൽ കയറി. ബസിനുള്ളിൽവച്ച് ബാഗിൽ നിന്ന് ചേതൻ വാളെടുത്തതും ലാവണ്യ ബസിൽ നിന്നിറങ്ങി ബസ്റ്റാന്റിലൂടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെയോടിയ ചേതൻ ലാവണ്യയെ പിന്നിൽ നിന്ന് കഴുത്തിന് വെട്ടുകയായിരുന്നു. ശേഷം സംഭവസ്ഥലത്തുനിന്ന രക്ഷപ്പെടുകയും ചെയ്തു. തുടർന്ന് നാട്ടുകാർ ചേർന്ന് ലയുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലാവണ്യയെ ആക്രമിക്കാനുപയോഗിച്ച വാൾ സംഭവസ്ഥലത്തുതന്നെ ഉപേക്ഷിച്ചതിനുശേഷമാണ് പ്രതി തന്റെ കാറിൽ കയറി രക്ഷപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരിക്കുകയാണ്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതി ഇപ്പോഴും ഒളിവിലാണെന്നും ഇയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിച്ചതായും പൊലീസ് അറിയിച്ചു. കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ലെന്നും പൊലീസ് പറഞ്ഞു.

