
എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ തിഹാര്‍ ജയിലില്‍ അടക്കാനാണ് ഡല്‍ഹി പൊലീസിന്റെ നീക്കമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ജന്തര്‍മന്തറിലെ പ്രക്ഷോഭവുമായി ബന്ധപ്പെട്ടാണ് ഐഷി ഘോഷിനെതിരായ നടപടിയെന്നും സമരത്തിന് മുന്‍നിരയിലുണ്ടായിരുന്ന സമര നായികയാണ് ഐഷി ഘോഷ് എന്നും ജോണ്‍ ബ്രിട്ടാസ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
‘ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് പ്രസിഡന്റ് ആയിരുന്നു ഐഷി. പകപോക്കല്‍ നടപടിക്കായി അവരെ പിടിച്ച് തിഹാര്‍ ജയിലില്‍ ഇടാനുള്ള നിശ്ചയദാര്‍ഢ്യമാണ് പൊലീസിന്. ഇന്നലെ ഇളിഭ്യരായി തിരിച്ചുപോകേണ്ടി വന്നു. ഇന്ന് സിപിഐഎമ്മിന്റെ കേന്ദ്ര ഓഫീസ് ഉദ്യോഗസ്ഥരെക്കൊണ്ട് വളഞ്ഞിരിക്കുകയാണ്’, ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.
അവരെ എങ്ങനെയെങ്കിലും പിടിച്ചു അകത്താക്കണമെന്നാണ് പൊലീസ് ആലോചന. 2021ലെ കേസിന്റെ കാര്യമാണ് പറയുന്നത്. അങ്ങനെയെങ്കില്‍ അമിത്ഷായ്ക്കെതിരെ ഏതൊക്കെ കേസെടുകള്‍ എവിടെയെല്ലാം ഉണ്ടെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഐഷി ക്രിമിനലോ തട്ടിപ്പുകാരിയോ പിടികിട്ടാപ്പുള്ളിയോ അല്ല. ജനകീയ സമരത്തിന്റെ ഭാഗമായി നില്ക്കുന്ന സമരനായികയാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ഐഷിയുമായി ബന്ധപ്പെട്ട വിഷയം ഇന്‍ഡ്യാ സഖ്യ യോഗത്തില്‍ ചര്‍ച്ച ചെയ്യും. പാര്‍ലമെന്റില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് നടപടികള്‍ ദുരൂഹമാണെന്നും ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.യുവാക്കളുടെ സമരത്തിലൂടെ ഇല്ലാതായ ഭയത്തിന്റെ സാഹചര്യം തിരിച്ചുകൊണ്ടുവരാനാണ് ശ്രമം എന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. രാജ്യത്തെ ഭയത്തിലേക്ക് തിരിച്ചുകൊണ്ടുപോകാന്‍ കഴിയുമോയെന്നാണ് അവര്‍ നോക്കുന്നതെന്നും എംഎ ബേബി പറഞ്ഞു.
2021ല്‍ നടത്തിയ പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പൊലീസ് ശക്തമാക്കയത്. ഐഷിയെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയെന്നാണ് വിവരം. നടപടിയില്‍ പ്രതിഷേധം ശക്തമാക്കാനാണ് സിപിഐഎം നീക്കം. ഐഷിക്കെതിരായ അറസ്റ്റ് വാറണ്ടും പാര്‍ട്ടി ആസ്ഥാനത്ത് അതിക്രമിച്ചു കയറിയുള്ള പൊലീസ് നടപടിയും സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനാണ് നീക്കം.

