
മടപ്പള്ളി: മൂല്യബോധവും സാമൂഹിക പ്രതിബദ്ധതയും ഉള്ള പുതുതലമുറയാണ് നാടിന്റെ യഥാർഥ കരുത്തെന്ന് കെ.കെ. രമ എം.എൽ.എ പറഞ്ഞു. ജി.എച്ച്.എസ്.എസ്. മടപ്പള്ളിയിൽ സംഘടിപ്പിച്ച ‘റൈസ് ആൻഡ് ഷൈൻ’ ഉന്നത വിജയികളുടെ അനുമോദനവും സ്കൂൾ വിജയോത്സവവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വിദ്യാഭ്യാസം മാർക്ക് നേടാനുള്ള ഉപാധി മാത്രമല്ല, നല്ല മനുഷ്യരെയും ഉത്തരവാദിത്തമുള്ള പൗരന്മാരെയും വാർത്തെടുക്കാനുള്ള ശക്തമായ ഉപകരണമാണെന്നും, സിന്തറ്റിക് ലഹരിയുൾപ്പെടെയുള്ള മയക്കുമരുന്ന് മാഫിയകൾക്കെതിരെ വിദ്യാർത്ഥികളും സമൂഹവും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അവർ ആഹ്വാനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ടി. കെ. സിബി അധ്യക്ഷത വഹിച്ചു. റഖീബ് മണിയൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ജയരാജ്, പ്രിൻസിപ്പൽ എം. ജിതേഷ് , ഹെഡ്മിസ്ട്രസ് പി. കെ. സുപ്രിയ, ശ്രീജിത്ത് മുറിയമ്പത്ത് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി., പ്ലസ് ടു, എൻ.എം.എം.എസ്., സി.എം. കിഡ്സ് തുടങ്ങിയ വിവിധ അക്കാദമിക മേഖലകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിക്കുകയും ഉപഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. യുഎൽസി സിഎസ്ചെയർമാൻ ശ്രീ പാലേരി രമേശൻ്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. അധ്യാപകർ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, പൊതുപ്രവർത്തകർ എന്നിവർ പങ്കെടുത്തു.

