
കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് IPS ൻ്റെ നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തിൽ കോഴിക്കോട് റൂറൽ ജില്ലയിൽ നടന്ന പ്രത്യേക കോമ്പിംഗ് ഓപ്പറേഷന്റെ ഭാഗമായി KAAPA പ്രകാരമുള്ള പ്രവേശന വിലക്ക് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച ഗുണ്ടാ ലിസ്റ്റിൽപ്പെട്ടയാളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു.
പരപ്പൻപോയിൽ സ്വദേശി ഷാജി (42) ആണ് അറസ്റ്റിലായത്. KAAPA പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ച് നാട്ടിൽ പ്രവേശിച്ചതിനെ തുടർന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കോഴിക്കോട് റൂറൽ ജില്ലയിലെ GRIP Goonda പട്ടികയിൽ ഉൾപ്പെട്ട ഇയാൾക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

ആഗസ്റ്റ് 8, 9 തീയതികളിലായി നടന്ന പ്രത്യേക കോമ്പിംഗ് ഓപ്പറേഷനിൽ 3,262 വാഹനങ്ങൾ പരിശോധിക്കുകയും 210 ഹോട്ടൽ, ലോഡ്ജ്, ഹോംസ്റ്റേകൾ, 51 ബസ് സ്റ്റാൻഡ്/റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ എന്നിവിടങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. 14 കോടതി വാറണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതിനു പുറമെ 152 Suo Motu കേസുകൾ രജിസ്റ്റർ ചെയ്യുകയും 50 പേരെ കരുതൽ നടപടിയുടെ ഭാഗമായി അറസ്റ്റ് ചെയ്യുകയും ചെയ്തു.

