
ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളിയിൽ രമ്യാ ഹരിദാസ് എംഎൽഎ ഇന്ന് കെപിസിസി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായേക്കും. ഉച്ചയോടെ ഇന്ദിരാഭവനിൽ എത്തി നടന്ന സംഭവങ്ങൾ വിശദീകരിക്കും. കയ്യാങ്കളി അന്വേഷിക്കാനായി കെ പി സി സി അധ്യക്ഷൻ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. എന്നാൽ എംഎം ഹസൻ അധ്യക്ഷനായ അന്വേഷണ സമിതിയ്ക്ക് മുന്നിൽ ഹാജരാകാൻ രമ്യ ഹരിദാസ് തയ്യാറായിരുന്നില്ല. നാളെ നടക്കുന്ന കെ പി സി സി ഭാരവാഹി യോഗത്തിന് മുൻപായി തന്നെ രമ്യ ഹരിദാസ് അന്വേഷണ സമിതിയ്ക്ക് മുന്നിൽ ഹാജരായി സംഭവങ്ങൾ വിശദീകരിക്കുമെന്നാണ് സൂചന.
പ്രാദേശിക കോൺഗ്രസ് നേതാവായ പാളയം പ്രദീപിനെ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫാക്കാനുള്ള നീക്കത്തിനെതിരെയും പാർട്ടി നേതൃത്വം അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ നീക്കം ശരിയായില്ലെന്നും ഇത് പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സംസ്ഥാന നേതൃത്വം എംഎൽഎയെ അറിയിച്ചു. പാർട്ടിക്കുള്ളിൽ നിന്നുതന്നെ ഈ നിയമനത്തിനെതിരെ കടുത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് കെപിസിസി ഈ വിഷയത്തിൽ നേരിട്ട് ഇടപെട്ടത്. അന്വേഷണ സമിതിയുടെ റിപ്പോർട്ട് വന്നതിന് ശേഷമായിരിക്കും പാർട്ടി ഇക്കാര്യത്തിൽ തുടർനടപടികൾ സ്വീകരിക്കുക.

