
മണിയൂർ: മണിയൂർ പഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തിൽ ജവാഹർ നവോദയ വിദ്യാലയത്തിൽ സംഘടിപ്പിച്ച കുട്ടികളുടെ സാഹിത്യോത്സവത്തിൽ (CLF26) ശ്രദ്ധേയമായി ചിത്രകാരി നവ്യശ്രീ ബി.യുടെ ‘വരകളും വർണ്ണങ്ങളും’ ചിത്രപ്രദർശനം. മണിയൂർ ജി.എച്ച്.എസ്.എസ്. റിട്ടയേർഡ് ചിത്രകല അധ്യാപകൻ കെ. കൃഷ്ണൻ മാസ്റ്ററാണ് പ്രദർശനം ഉദ്ഘാടനം ചെയ്തത്.
കുട്ടിക്കാലം മുതൽക്കേ വരകളിൽ വിസ്മയം തീർത്ത നവ്യശ്രീ, ഏഴാം വയസ്സിൽ സബ് ജില്ലാതലത്തിലും തുടർച്ചയായി 7 വർഷം ജില്ലാതലത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടാതെ പതിനാലാം വയസ്സു മുതൽ തുടർച്ചയായ 5 വർഷങ്ങളിൽ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

2009-ൽ കേന്ദ്ര ഊർജ്ജ മന്ത്രാലയം ‘ഊർജ്ജ സംരക്ഷണം’ എന്ന വിഷയത്തിൽ അഖിലേന്ത്യാ അടിസ്ഥാനത്തിൽ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിലും നവ്യശ്രീ വിജയിയായിട്ടുണ്ട്. അധ്യാപക ദിനത്തിൽ തന്നെ നടന്ന ചിത്രപ്രദർശനത്തിൽ തനിക്കേറെ പ്രിയപ്പെട്ട ആദ്യ ഗുരു കൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിച്ചതിലുള്ള സന്തോഷം നവ്യശ്രീ പങ്കുവെച്ചു. തന്റെ കലാജീവിതത്തിന് പൂർണ്ണ പിന്തുണ നൽകിയ മാതാപിതാക്കളെയും അധ്യാപകരെയും സംഘാടകരെയും ചടങ്ങിൽ സന്നിഹിതരായ പ്രമുഖർ അഭിനന്ദിച്ചു. മൂന്ന് വേദികളിലായി നടന്ന സാഹിത്യോത്സവത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായി നവ്യശ്രീയുടെ ചിത്രപ്രദർശനം മാറി. കുട്ടികളും അധ്യാപകരും പൊതുജനങ്ങളുമടക്കം ധാരാളം ആളുകളാണ് പ്രദർശനം കാണാനെത്തിയത്. നവ്യശ്രീ ഇപ്പോൾ കൂരാച്ചുണ്ട് സെന്റ് തോമസ് UPS ൽ അധ്യാപികയാണ്. സഹോദരൻ നവനീതും ചിത്രകല രംഗത്ത് സജീ വമാണ്

