
പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീര്‍ഥാടന മുന്നൊരുക്കങ്ങളെ ചൊല്ലി സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും തമ്മിലുള്ള പോര് കോടതിയിലേക്ക്. ബോര്‍ഡിന്റെ തുടര്‍ച്ചയായുള്ള വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതേസമയം അരവണ നിയന്ത്രണം സംബന്ധിച്ച ദേവസ്വം മന്ത്രി കെ മുരളീധരന്റെ പ്രതികരണത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത അതൃപ്തിയിലാണ് സന്നിധാനത്തെ സദ്യ പ്രതിസന്ധിക്ക് പിന്നാലെ അരവണ വിതരണത്തിലെ പാളിച്ചകളെച്ചൊല്ലിയും ദേവസ്വം ബോര്‍ഡും മന്ത്രിയും തുറന്ന പോരിലാണ്. തുടര്ച്ചയിയുള്ള ദേവസ്വംബോര്‍ഡിന്റെ വീഴ്ച്ചകള്‍ ചൂണ്ടിക്കാട്ടി മന്ത്രി കെ മുരളീധരന് പരസ്യമായി രംഗത്തുവന്നു. പ്രതിസന്ധിയില്‍ അടിയന്തിര പരിഹാരത്തിനായി ഹൈക്കോടതിയെ സമീപിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. അരവണ നിയന്ത്രണം സംബന്ധിച്ച ദേവസ്വം മന്ത്രിയുടെ പ്രതികരണത്തില്‍ ദേവസ്വം ബോര്‍ഡിന് കടുത്ത അതൃപ്തിയുണ്ട്.നിയന്ത്രണം വേണ്ടിവരുമെന്ന് മന്ത്രിയെ അറിയിച്ചിട്ടും

കുറ്റപ്പെടുത്തിക്കൊണ്ട് സംസാരിച്ചതിലാണ് അതൃപ്തി.കന്നിമാസ പൂജയ്ക്ക് തിരക്ക് കൂടിയപ്പോഴാണ് നിയന്ത്രണം വേണ്ടിവരുമെന്ന് ബോര്‍ഡ് പ്രസിഡന്റ് മന്ത്രിയെ ഫോണില്‍ വിളിച്ചറിയിച്ചത്. 3 ലക്ഷം ടിന് അരവണ ശേഖരത്തിലുണ്ടായിരുന്നു. മുന്‍വര്‍ഷം ഇതേസമയത്ത് 2.68ലക്ഷം ടിന് അരവണയാണ് വിറ്റുപോയത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഭക്തരെത്തിയതാണ് നിയന്ത്രണം കൊണ്ടുവരാന്‍ കാരണമെന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വിശദീകരണം. അതേസമയം പരസ്പരം കുറ്റപ്പെടുത്തലല്ല വേണ്ടതെന്നും യോജിച്ചുള്ള പ്രവര്‍ത്തനമാണ് ആവശ്യമെന്നും മുന്‍ ദേവസ്വംമന്ത്രി വി എന്‍ വാസവന് പ്രതികരിച്ചു. സന്നിധാനത്ത് സദ്യ നല്‍കിയതിലും ബോര്‍ഡിന് വീഴ്ച്ച സംഭവിച്ചതായാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമല്ലാത്തതിനാല്‍ സീസണില്‍ പ്രതിസന്ധി രൂക്ഷമാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.

