
ചോറോട് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിലെ കോടേരി താഴമുതൽ വളയിൽ മുക്കുവരെയുള്ള തോടിന് ഇരുവശവും കരിങ്കൽ ഭിത്തി ഉയരുകയാണ്. മാപ്പിളക്കണ്ടി താഴേമുതൽ കോടിയേരി താഴെ വരെ ഏകദേശം ഒരു കിലോമീറ്റർ ഭാഗം ഈ തോട് നിലവിലുണ്ട്. മഴക്കാലം ആരംഭിച്ചാൽ ഈ പ്രദേശമാകെ വെള്ളത്തിൽ മുങ്ങുക പതിവാണ്. നടക്കുതാഴ- ചോറോട്കനാലിന്റെ ഭാഗം കൂടിയായ ഈ പ്രദേശത്തെ വീടുകളിൽ നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഇരുവശവും കരിങ്കൽ ഭിത്തികൾ വരുന്നതോടുകൂടി വളരെ സുരക്ഷിതത്വം ഉണ്ടാവുകയാണ്. ചോറോട് ഗ്രാമപഞ്ചായത്ത് 2024- 25 വാർഷിക പദ്ധതി 20,00,600 രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.

സെൻട്രൽ ഫിനാൻസ് കമ്മീഷന്റെ ഗ്രാൻഡ് ആണ് പദ്ധതി. ഊരാളുങ്കൽ ലേബർ കോൺടാക്ട് സൊസൈറ്റി ആണ് ടെൻഡർ എടുത്തിരിക്കുന്നത്. റോഡിന് 3 മീറ്റർ വീതിയാണ് ഉള്ളത്.150 മീറ്റർ നീളത്തിൽ ഇരുവശവും കരിങ്കൽ ഭിത്തി നിർമ്മാണ പ്രവർത്തിയാണ് ആരംഭിക്കുന്നത്. തോടിന്റെ ഇരുവശവും വൃത്തിയാക്കി പ്രവർത്തി നടന്നുവരികയാണ്. വാർഡ് മെമ്പർ രേഷ്മ പയോളത്തിൽ, മുൻ മെമ്പർ പ്രസാദ് വിലങ്ങിൽ സ്ഥലം ഉടമകൾ എന്നിവർ ചേർന്ന് സ്ഥലം അളന്നു കുറ്റി അടിച്ചു. എത്രയും പെട്ടെന്ന് തന്നെ പണി പൂർത്തിയാക്കി പദ്ധതി ജനങ്ങൾക്ക് സമർപ്പിക്കുമെന്ന് ulccs അറിയിച്ചു.
