
കേരള സർക്കാർ സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിന്റെ റൂറൽ ആർട്ട് ഹബ്ബ് (RAH) പദ്ധതിയുമായി ചേർന്ന് കേരള ഫോക് ലോർ അക്കാദമി അവതരിപ്പിക്കുന്ന ‘ ഗുരുകുലം ഗുരു ശിഷ്യപരമ്പര’ എന്ന പൈതൃക പാഠ്യപദ്ധതിയുടെ ഭാഗമായി കളരി ട്രെയിനർ മാർക്കായി സംഘടിപ്പിച്ച രണ്ട് ദിവസത്തെ ശിൽപ്പശാല ലോകനാർകാവിൽ സമാപിച്ചു. കാലത്തിന്റെ ഒഴുക്കിൽ വിസ്മൃതിയിലാണ്ടു പോയ ഗുരുകുല സമ്പ്രദായവും ഗുരു ശിഷ്യ ബന്ധത്തിന്റെ പരിപാവനതയും വീണ്ടെടുക്കുക എന്ന പവിത്ര ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. ഭാരതത്തിന്റെ പൗരാണിക ആയോധന കലാരൂപമായ കളരിപയറ്റ് ഗുരുമുഖത്ത് നിന്ന് തന്നെ അഭ്യസിക്കുന്നതിനായി റൂറൽ ആർട്ട് ഹബ്ബും (RAH) ഫോക് ലോർ അക്കാദമിയും ചേർന്ന് വിവിധ കളരി സംഘങ്ങൾക്ക് അഫിലിയേഷൻ നൽകിയിട്ടുണ്ട്. ഇത്തരത്തിൽ അഫിലിയേഷൻ കരസ്ഥമാക്കിയ നാൽപത് കളരികളിൽ നിന്നായി 96 ട്രെയിനർമാരാണ് ശിൽപശാലയിൽ പങ്കെടുത്തത്.

സമാപന സമ്മേളനം ദിനേശ് കുമാർ എ ( ലോകനാർകാവ് ദേവസ്വം എക്സിക്യുട്ടീവ് ഓഫീസർ ) അദ്ധ്യക്ഷതയിൽ വില്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ പി.പി പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. Dr എ.കെ വേണുഗോപാലൻ ഗുരുക്കൾ, ഹരികൃഷ്ണൻ ഗുരുക്കൾ, മധു ഗുരുക്കൾ പുതുപ്പണം, കെ ഗോപാലൻ മാസ്റ്റർ, സോമശേഖരൻ എം.പി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ Ad. ഇ നാരായണൻ നായർ സ്വാഗതവും, ലക്ഷ്മി പ്രിയ ഗുരുക്കൾ നന്ദിയും പറഞ്ഞു. RAH ഉം കണ്ണൂർ സർവ്വകലാശാലയും ചേർന്ന് നടത്തുന്ന കളരിപ്പയറ്റ് സർട്ടിഫിക്കറ്റ്, ഡിപ്ലോമ കോഴ്സുകൾ കൂടുതൽ കാര്യക്ഷമമായി നടപ്പാക്കുന്നതിന് പരിശീലകരുടെ അക്കാദമിക്ക് അദ്ധ്യാപന മികവ് വർദ്ധിപ്പിക്കുന്നതിനും ഈ ശിൽപശാല സഹായകമായി.
