
വടകര : റോഡ് സുരക്ഷ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ടിന് വേണ്ടി എസ്.കെ കുട്ടോത്ത് ഒരുക്കിയ ഹ്രസ്വചിത്രം തരംഗമാവുന്നു. വടകര റീജ്യണൽ ട്രാൻസ്പോർട്ട് ഓഫിസിൻ്റെയും മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിൻ്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൽനട യാത്രക്കാർക്കുള്ള റോഡ് സുരക്ഷ ബോധവത്കരണ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്.മേമുണ്ട ഹയർ സെക്കൻ്ററി സ്കൂളിലെ എൺപത്തിയെട്ട് സ്റ്റുഡൻ്റ് പോലിസ് കേഡറ്റ്സും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട് മെൻ്റിലെ ഉദ്യോഗസ്ഥരും ചേർന്നുള്ള ഹ്രസ്വചിത്രം പ്രമേയം കൊണ്ടും അവതരണം കൊണ്ടും വേറിട്ട അനുഭവമാകുകയാണ്.വർദ്ധിച്ചു വരുന്ന റോഡപകടങ്ങളെ കുറിച്ചും അത് മൂലം വ്യക്തികളിലും കുടുംബത്തിലുമുണ്ടാകുന്ന തീരാവേദനകളുടെയും ദുരന്തങ്ങളുടെയും അനുഭവ കഥകളുമായ് മോട്ടോർ വെഹിക്കിൾസ് ഉദ്യോഗസ്ഥർ കുട്ടികൾക്കിടയിലേക്ക് (എസ്.പി. സി)കടന്നുചെല്ലുകയാണ്.ഉദ്യോഗസ്ഥരുടെ ബോധവത്കരണ ക്ലാസുകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട സ്റ്റുഡൻ്റ് പോലീസ് കാഡറ്റ് സുകൾ റോഡ് സുരക്ഷാ ദൗത്യം ഏറ്റെടുക്കുന്നു. റോഡ് സുരക്ഷയുടെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ട് വിദ്യാർത്ഥികൾ ഉൾപ്പെടുന്ന പൊതുസമൂഹം റോഡിൽ പാലിക്കേണ്ട നിയമങ്ങളെയും സുരക്ഷയെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതാണ് ഈ ഹ്രസ്വചിത്രത്തിൻ്റെ പ്രമേയം.ആർ.ടി ഒ രാജേഷ് .പി അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ ഹ്രസ്വചിത്രത്തിൻ്റെ പ്രദർശനവും നടന്നു . ജോയിൻ്റ് ആർ.ടി.ഒ സജീഷ് പി.കെ, മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരായ സനൽ മണപ്പള്ളി, വത്സരാജ്, രാജേഷ് കോറോത്ത്, അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ മുഹമ്മദ് കവിരാജ്, നിതിൻ വി.ആർ , എന്നിവർ സംസാരിച്ചു

