
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ കേസെടുത്ത് വിജിലൻസ്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് വിജിലൻസ് കേസെടുത്തിരിക്കുന്നത്. രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഴിമതി നിരോധന നിയമം പ്രകാരമാണ് ഒന്നാമത്തെ കേസ്. കള്ളപ്പണം വെളുപ്പിക്കലിനാണ് രണ്ടാമത്തെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മകൾ വീണ ടിയെയും മുഹമ്മദ് റിയാസിനെയും പ്രതികളായി ചേർത്തിട്ടുണ്ട്. അഴിമതി നിരോധന നിയമപ്രകാരമുള്ള കേസിൽ ഒന്നാം പ്രതിയായി പിണറായി വിജയൻ രണ്ടാം പ്രതിയായി വീണ ടിയെയും പ്രതി ചേർത്തു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും ടി വീണയുമാണ് രണ്ടാം പ്രതി.

വിജിലൻസ് കേസെടുത്തതോടെ ഇഡി ഇസിഐആർ രജിസ്റ്റർ ചെയ്യുന്ന നടപടികളിലേക്ക് കടക്കും. എഫ്ഐആർ ഇട്ട നടപടിയെ സ്വാഗതം ചെയ്യുന്നതായി മാത്യു കുഴൽനാടൻ പ്രതികരിച്ചു. കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയാകുമ്പോൾ ചെറുതല്ലാത്ത സന്തോഷമുണ്ടെന്ന് അദേഹം പറഞ്ഞു. മൂന്ന് വർഷം മുൻപ് കേസ് ഉയർത്തിക്കൊണ്ടുവന്നപ്പോൾ ആദ്യമേ പറഞ്ഞിരുന്നു പിണറായി വിജയനെ പ്രതിയാക്കി കേസെടുത്ത് അന്വേഷിച്ചാൽ മാത്രമേ മാസപ്പടി കേസിലെ അഴിമതി കാര്യം പുറത്തുകൊണ്ടുവരാൻ കഴിയൂവെന്ന്. അന്ന് എതിർത്തവരും ഭീഷണി മുഴക്കിയവരും ഉണ്ടായിരുന്നുവെന്ന് അദേഹം കൂട്ടിച്ചേർത്തു.
പിണറായി വിജയനും കുടുംബവും വലിയ കൊള്ളയാണ് നടത്തിയിരിക്കുന്നത്. ഇനിയും സിപിഐഎം ഇത് ഉൾക്കൊള്ളാതിരുന്നാൽ അവർക്ക് വലിയ വില കൊടുക്കേണ്ടി വരുമെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എഫ്ഐആറിടാൻ സർക്കാർ നിർബന്ധിതരാവുകയായിരുന്നുവെന്ന് ബിജെപി നേതാവ് ഷോൺ ജോർജ് പ്രതികരിച്ചു. അന്വേഷണത്തെ കൃത്യമായി നോക്കി കാണും. ഒത്തുകളി ശ്രദ്ധയിൽപ്പെട്ടാൽ ബിജെപി ശക്തമായി ഇടപെടുമെന്ന് അദേഹം കൂട്ടിച്ചേർത്തു.
