
കല്‍പ്പറ്റ: സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ കാറിടിച്ചു തെറിപ്പിച്ച സംഭവത്തില്‍ വാഹനം ഓടിച്ചത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെന്ന് പൊലീസ് കണ്ടെത്തല്‍. യഥാര്‍ഥത്തില്‍ വാഹനമോടിച്ചിരുന്ന ആളെ മാറ്റി ലൈസന്‍സ് ഉള്ള ഒരാളെ കാണിച്ച് പോലീസിനെ കബളിപ്പിക്കാനുള്ള ശ്രമമാണ് പ്രതിസ്ഥാനത്തുള്ളവര്‍ നടത്തിയതെന്ന് പൊലീസ് പറഞ്ഞു. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് പൊലീസിന്റെ ഈ കണ്ടെത്തൽ.

വാഹനമോടിച്ചത് പ്രായപൂര്‍ത്തിയാവാത്ത കുട്ടിയായതിനാല്‍ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡില്‍ റിപ്പോര്‍ട്ട് നല്കി. കുട്ടിക്ക് വാഹനം ഓടിക്കാന്‍ കൊടുത്തതിന് വാഹന ഉടമസ്ഥനെതിരെ കേസെടുത്ത് കോടതി മുന്‍പാകെ കുറ്റപത്രം സമര്‍പ്പിച്ചു. വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദാക്കുന്നതിനും ഉടമയ്ക്കെതിരെ നടപടിക്കും വാഹനമോടിച്ചയാള്‍ക്ക് 25 വയസ് വരെ ലൈസന്‍സ് ലഭ്യമാക്കാതെയിരിക്കുന്നതിനു മുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കല്‍പ്പറ്റ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ജയപ്രകാശ് അറിയിച്ചു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്.

നവംബർ നാലിന് ഉച്ചയോടെ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിനു മുന്‍വശത്തുള്ള സീബ്ര ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് വിദ്യാര്‍ത്ഥിനിക്ക് അപകടം സംഭവിച്ചത്. ജനമൈത്രി ജംഗ്ഷന് ഭാഗത്ത് നിന്നും അമിത വേഗതയില്‍ വന്ന കാറാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ച് തെറിപ്പിച്ചത്.

