
അച്ചടക്കനടപടി പിൻവലിച്ചാൽ രാഹുൽ മാങ്കൂട്ടത്തിലിന് പാലക്കാട് മത്സരിക്കാൻ അർഹതയുണ്ട് എന്ന് തിരുത്തിപ്പറഞ്ഞ് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം പി.ജെ. കുര്യൻ. നടപടി പിൻവലിക്കുന്നതിൽ തനിക്കെതിർപ്പില്ല. സി.പി.എമ്മിന് ഇല്ലാത്ത ധാർമികത കോൺഗ്രസിനെന്തിന് എന്നും കുര്യൻ. എന്നാൽ, യുവതിയുടെ പീഡനപരാതിയെത്തുടർന്ന് പാർട്ടി പുറത്താക്കിയിട്ടും മാങ്കൂട്ടത്തിൽ സസ്പെൻഷനിലാണ് എന്ന തരത്തിലാണ് അദ്ദേഹം രണ്ടാം വട്ടം വാർത്താമാധ്യമത്തോട് സംസാരിച്ചത്.”രാഹുൽ മാങ്കൂട്ടത്തിൽ സസ്പെൻഷനിലാണ് എന്ന പശ്ചാത്തലത്തിലാണ് ഞാൻ വാർത്താ ചാനലിനോട് പ്രതികരിച്ചത്. ആ സന്ദർഭത്തിലാണ് മാങ്കൂട്ടത്തിലിന് പകരം മത്സരിക്കാൻ ഒരാളാവാം എന്ന് പറഞ്ഞതും. ആ സന്ദർഭത്തിൽ അത് ശരിയാണ്. എന്നാൽ, രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ പിൻവലിക്കുന്നതിനെക്കുറിച്ചോ സ്ഥാനാർത്ഥിത്വം നൽകുന്നതിനെക്കുറിച്ചോ കൃത്യമായ ചോദ്യം എനിക്ക് ലഭിച്ചില്ല. സസ്പെൻഷൻ നീക്കിയാൽ രാഹുൽ മാങ്കൂട്ടത്തിൽ സീറ്റിനർഹനാണെന്നാണ് എന്റെ അഭിപ്രായം. സസ്പെൻഷൻ ഒഴിവാക്കണോ എന്ന കാര്യത്തിലും അഭിപ്രായമുണ്ട്. സി.പി.എമ്മിൽ ഇത്തരം ആരോപണവിധേയരായ നേതാക്കൾ ഉൾപ്പെടെ എത്രയോ പേർ സസ്പെൻഷനോ നടപടിയോ ഇല്ലാതെ നടക്കുന്നുണ്ട്. സി.പി.എമ്മിനോടും ചോദിക്ക് നിങ്ങൾക്കും ഇത്തരം വിഷയങ്ങളിൽ ധാർമികതയില്ലേ എന്ന്. പെരുന്നയിലെ കൂടിക്കാഴ്ചയിൽ രാഹുൽ ഒരു പ്രതിഷേധവും അറിയിച്ചില്ല. അദ്ദേഹത്തിന് എന്റെ പ്രസ്താവനയുടെ പൊസിഷൻ മനസിലായി എന്നാണ് ഞാൻ വിശ്വസിക്കുന്നത്,” കുര്യൻ പറഞ്ഞു. കുര്യന്റെ കാതിൽ മാങ്കൂട്ടത്തിൽ പറഞ്ഞ വിഷയം എന്തെന്ന് ഇനിയും വ്യക്തതയില്ല.

