
പുനര്‍ജനി കേസില്‍ സാമ്പത്തിക ക്രമക്കേട് നടന്നെന്ന നിഗമനത്തില്‍ മണപ്പാട്ട് ഫൗണ്ടേഷനും സിഇഒക്കെതിരെയും സിബിഐ അന്വേഷണത്തിന് ശുപാർശ. പ്രതിപക്ഷ നേതാവിനെ കൂടാതെ മണപ്പാട്ട് ഫൗണ്ടേഷൻ എന്ന എൻജിഒയ്ക്കും അതിന്റെ ചെയർമാൻ അമീർ അഹമ്മദിനെതിരെയും എഫ്സിആർഎ നിയമപ്രകാരം സിബിഐ അന്വേഷണത്തിന് വിജിലൻസ് ശുപാർശ ചെയ്തിട്ടുണ്ട്.മണപ്പാട്ട് ഫൗണ്ടേഷന്റെ സിഇഒ അമീർ അഹമ്മദും വി ഡി സതീശനും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരിൽ വിദേശത്ത് പണം പിരിച്ചു കേരളത്തിലേക്ക് അയച്ചതെന്ന് ആരോപണം ഉയർന്നിരുന്നു.

പുനർജ്ജനി പദ്ധതിയുടെ കാലയളവിൽ (2018-22) മണപ്പാട്ട് ഫൌണ്ടേഷന്റെ എഫ്സിആർഎ അക്കൗണ്ടിലേക്ക് 1,22,23,152 രൂപ വന്നതായും കണ്ടെത്തിയിട്ടുണ്ട്.വിവിധ രാജ്യങ്ങളിൽ നിന്നും പുനർജ്ജനി പദ്ധതിയുടെ പേരിൽ വി ഡി സതീശന് വേണ്ടി സ്വരൂപിച്ച പണമാണ് ഇതെന്നാണ് വിജിലൻസിന് ലഭിച്ച പരാതിയിൽ ഉള്ളത്. മണപ്പാട്ട് ഫൌണ്ടേഷൻ ഇത്തരത്തിൽ വിദേശ ഫണ്ട് സ്വീകരിച്ചതിന്റെ രേഖകളോ റെക്കോര്‍ഡുകളോ സൂക്ഷിച്ചിട്ടില്ലാ എന്നും എഫ്സിആർഎ നിയമത്തിന്റെ റൂൾ 19ന്റെ ലംഘനമാണെന്ന് വിജിലൻസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.മണപ്പാട്ട് ഫൗണ്ടേഷന്റെ ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ പരിശോധിച്ചതിൽ അക്കൗണ്ടിലേക്ക് വന്ന പണവും അതിനായി നൽകിയ രേഖകളും തമ്മിൽ പൊരുത്തക്കേടുകളുള്ളതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് വിജിലൻസിന്റെ നിഗമനം.

