
മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് ഒറ്റ വീടുപോലും നിർമ്മിച്ചിട്ടില്ലെങ്കിലും അവകാശവാദങ്ങളിൽ കുറവൊന്നും വരുത്താതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പുനരധിവാസത്തിൽ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് നൽകുന്നത് മുന്നൂറ് വീടുകളെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്. കര്‍ണാടക കോണ്‍ഗ്രസ് പ്രഖ്യാപിച്ച 100 വീട്, രാഹുല്‍ ഗാന്ധിയുടെ 100 വീട്, കെപിസിസിയുടെ 100 വീട്, ലീഗിന്റെ 100 വീട് എന്നിങ്ങനെയാണ് സതീശൻ പറഞ്ഞ വീടുകളുടെ കണക്ക്.പ്രഖ്യാപിച്ച വീടുകളുടെ സ്ഥല രജിസ്ട്രേഷൻ അടുത്തയാഴ്ച നടത്തും. രജിസ്ട്രേഷൻ പൂർത്തിയായാൽ 10 ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമ്മാണം തുടങ്ങും. അപ്പോൾ ആകെ 300 വീടുകളാകും. വേണ്ട 400 വീടുകളിൽ മുന്നൂറും അപ്പൊ കോൺഗ്രസ് നൽകുമെന്ന് മനസ്സിലാക്കിയാൽ മതിയെന്നാണ് വിഡി സതീശന്റെ വിചിത്രവാദം.

യൂത്ത് കോൺഗ്രസ് പിരിച്ച് ഒരുകോടി 5 ലക്ഷം രൂപ അടുത്തദിവസം കെപിസിസി കൈമാറും അദ്ദേഹം പറഞ്ഞു.കണക്കുകളിൽ നൂറുകണക്കിന് വീടുകൾ ഉണ്ടെങ്കിലും, ഒന്നിന്റെ പോലും നിർമാണം പോലും തുടങ്ങിയിട്ടില്ല എന്നിരിക്കെയാണ് മുന്നൂറും കോൺഗ്രസിന്റേത് എന്ന വിചിത്രവാദവുമായി പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നത്. അതേസമയം, സർക്കാരിന്റെ വീടുകളുടെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ടൗൺഷിപ്പിന്റെ ഒന്നാം ഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാക്കി വീടുകൾ കൈമാറുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. 35 ക്ലസ്റ്ററുകളിലായിട്ടാണ് ടൗൺഷിപ്പ് വിഭാവനം ചെയ്തിരിക്കുന്നത്. 237 വീടുകളുടെ വാർപ്പ് ഇതിനകം പൂർത്തിയായി. 350 വീടുകൾക്കുള്ള സ്ഥലമൊരുക്കലും പൂർത്തിയായിട്ടുണ്ട്.ശരിയാകാത്ത കണക്കും പിരിച്ചിട്ടുമുക്കിയ ഫണ്ടിനെ പറ്റി ഒരു വിവരവുമില്ലാത്ത സാഹചര്യത്തിലാണ് കള്ളകണക്കുകളുമായി മാധ്യമങ്ങളുടെ മുന്നില്‍ വി ഡി സതീശൻ എത്തിയിരിക്കുന്നത്. ലീഗ് വീട് നിര്‍മിക്കാനായി വാങ്ങിയ തോട്ടഭൂമിയും വിവാദത്തിലായിരുന്നു. മുക്കലും വെട്ടലും തട്ടിപ്പുമായി നടക്കുന്ന കോണ്‍ഗ്രസ് വയനാട്ടിലെ ജനങ്ങളോട് കാണിച്ച വഞ്ചന ചര്‍ച്ചയായ സാഹചര്യത്തിലാണ് പുത്തൻ വാദവുമായി സതീശൻ രംഗത്തെത്തിയിരിക്കുന്നത്.

