
കൊച്ചി: മുൻ എംഎൽഎ അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നതിനെ വിമർശിച്ച് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ ധനമന്ത്രിയുമായ ഡോ. ടി എം തോമസ് ഐസക്. ഒരു തവണ മത്സര രംഗത്തു നിന്ന് മാറ്റിയതിൻ്റെ പേരിൽ പാർട്ടി വിടുന്നത് അവസരവാദ നിലപാടാണെന്ന് ഐസക് പറഞ്ഞു. അയിഷാ പോറ്റി കോൺഗ്രസിൽ ചേർന്നത് അത്യധികം ദൗർഭാഗ്യകരമാണെന്നും ഏതൊരാൾ പ്രസ്ഥാനം വിട്ടു പോകുമ്പോഴും നഷ്ടബോധം ഉണ്ടെന്നും ഐസക് പറഞ്ഞു.ഇത്രനാൾ സിപിഐഎം എംഎൽ എ ആയിരുന്നയാൾ ഒരു തവണ മത്സര രംഗത്തു നിന്ന് മാറ്റിയതിൻ്റെ പേരിൽ പാർട്ടി വിടുമ്പോൾ അത്രയ്ക്കധികം അവസരവാദ നിലപാട് ഉണ്ട് എന്നാണ് കാണേണ്ടതെന്ന് തോമസ് ഐസക് പറഞ്ഞു. പാർട്ടി തന്ന അംഗീകാരങ്ങൾ ഓർക്കണം. ഇത്തരം അവസരവാദപരമായ നിലപാട് കൊട്ടാരക്കരയിലെ ജനങ്ങൾ അംഗീകരിക്കില്ല. ഇതുകൊണ്ട് ഒരു മാറ്റവും എൽഡിഎഫിൽ ഉണ്ടാകില്ലെന്നും ഐസക് പറഞ്ഞു.
പാർട്ടി വിടുന്നവർ മോശം തന്നെയാണെന്നും സിപിഐഎമ്മിൽ വരുന്നവർ ശരിയായ പാതയിലാണെന്നും ഐസക് ചൂണ്ടിക്കാട്ടി. മുൻ എംഎൽഎ രാജേന്ദ്രൻ ബിജെപിയിലേയ്ക്ക് പോകുന്നതായ വാർത്ത കേട്ടിരുന്നു. അതൊന്നും കേരള രാഷ്ട്രീയത്തെ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

