
ന്യൂനപക്ഷ സംവരണ ആനുകൂല്യങ്ങൾ കൈക്കലാക്കാൻ മാത്രമായി ഹരിയാനയിലെ ഉയർന്ന മത വിഭാഗത്തിൽപ്പെട്ട ചിലർ മതം മാറുന്നതിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ജനറൽ വിഭാഗത്തിൽ നിന്ന് മതം മാറിയതിനുശേഷം മെഡിക്കൽ കോളേജിൽ ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം ലഭിക്കാൻ ബുദ്ധമത സർട്ടിഫിക്കറ്റിന് കീഴിലുള്ള ആനുകൂല്യങ്ങൾ തേടി സഹോദരങ്ങൾ സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു സുപ്രീം കോടതിയുടെ വിമർശനം.
ചിഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് സഹോദരങ്ങളായ നിഖിൽ കുമാർ പുനിയ, എക്ത പുനിയ എന്നിവർ സമർപ്പിച്ച ഹർജി പരിഗണിച്ചത്. ‘ഇത് കൊള്ളാം… പുതിയ തരം തട്ടിപ്പാണെന്ന്’ ഹർജിയോട് രൂക്ഷമായി പ്രതികരിച്ച ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. കൂടുതൽ പറയാൻ നിർബന്ധിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് സംസ്ഥാനത്ത് മത ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകുന്ന പ്രക്രിയയിൽ ഹരിയാന സർക്കാരിനോട് കോടതി വിശദീകരണം തേടി. ന്യൂനപക്ഷ വിഭാഗത്തിൽപ്പെടാത്ത, മുമ്പ് പരീക്ഷയെഴുതിയ ജനറൽ വിഭാഗത്തിലെ അപേക്ഷകർക്ക് എങ്ങനെയാണ് ന്യൂനപക്ഷ സർട്ടിഫിക്കറ്റുകൾ നൽകിയതെന്ന് വ്യക്തമാക്കാനും കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു.

