
പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി ശശി തരൂർ. എല്ലാം ശുഭകരമാണെന്നും ചർച്ച വളരെ ക്രിയാത്മകമായിരുന്നു എന്നും ശശി തരൂർ പ്രതികരിച്ചു.
“ഞങ്ങൾ വളരെ ക്രിയാത്മകവും ഗുണപരവുമായ ചർച്ചയാണ് നടത്തിയത്. എല്ലാം ശുഭകരമാണ്, ഞങ്ങൾ ഒരേ നിലപാടിൽ മുന്നോട്ട് പോകുന്നു. ഇതിൽ കൂടുതൽ എന്താണ് പറയാനുള്ളത്,” പാർട്ടിയിലെ ഭിന്നതകളെക്കുറിച്ചുള്ള ചോദ്യങ്ങളെ ചിരിയോടെ തള്ളിക്കളഞ്ഞുകൊണ്ട് തരൂർ പറഞ്ഞു.
കോൺഗ്രസിനുള്ളിൽ തനിക്ക് അതൃപ്തിയുണ്ടെന്ന് തരൂർ പരസ്യമായി സമ്മതിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്. എന്നാൽ അത് പൊതു വേദിയിൽ ചർച്ച ചെയ്യേണ്ട കാര്യമല്ലെന്നും ആശങ്കകൾ നേതൃത്വത്തെ വ്യക്തമായി അറിയിക്കുമെന്നും തരൂർ പറഞ്ഞിരുന്നു. പാർലമെന്റിൽ കോൺഗ്രസിന്റെ നിലപാടുകളിൽ നിന്ന് താൻ ഒരിക്കലും വ്യതിചലിച്ചിട്ടില്ലെന്ന് പറയുമ്പോൾത്തന്നെ പാർട്ടി നേതൃത്വത്തിന് മുന്നിൽ തനിക്ക് ചില പ്രശ്നങ്ങൾ ഉന്നയിക്കാനുണ്ടെന്ന് ശശി തരൂർ നേരത്തെ പറഞ്ഞിരുന്നു.

