
ബിഹാറില്‍ ജാതിയുടെ പേരില്‍ മൃതദേഹത്തോടും കടുത്ത അനാദരവ്. മഹാ ദളിത് വിഭാഗത്തില്‍പ്പെട്ട വയോധികയുടെ മൃതദേഹം പൊതുശ്മശാനത്തില്‍ കൊണ്ടുപോകുന്നതിനെ ഒരു വിഭാഗം തടഞ്ഞതോടെ മൃതദേഹം റോഡില്‍ സംസ്കരിക്കേണ്ടതായി വന്നു. 91 വയസ്സുള്ള ജപ്കി ദേവിയുടെ മൃതദേഹമാണ് റോഡില്‍ സംസ്കരിക്കേണ്ടി വന്നത്. സമീപത്തുള്ള കടയുടമയുടെ നേതൃത്വത്തിലാണ് വഴി തടഞ്ഞത്. തര്‍ക്കത്തിനൊടുവില്‍ പൊലീസ് വന്നെങ്കിലും തങ്ങള്‍ക്ക് നീതി ലഭിച്ചില്ലെന്നാണ് ജപ്കി ദേവിയുടെ ബന്ധുക്കളുടെ പരാതി.
ബിഹാറിലെ വൈശാലി ജില്ലയിലെ ഗോരൗള്‍ ബ്ലോക്കിലാണ് സംഭവം നടക്കുന്നത്. ദളിത് വിഭാഗത്തില്‍പ്പെട്ട സ്ത്രീയുടെ മൃതദേഹം തങ്ങളുടെ കടയുടെ മുന്നില്‍ക്കൂടി ചുമന്നു പോകുന്നത് അശുദ്ധിയെന്ന് വാദിച്ചാണ് കടയുടമകള്‍ വയോധികയുടെ ബന്ധുക്കളെ തടഞ്ഞത്. പൊതുശ്മശാനത്തില്‍ മൃതദേഹം എത്തിക്കണമെന്നും സംസ്കരിക്കണമെന്നും കാലുപിടിച്ച് പറഞ്ഞിട്ടും കടയുടമകള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യാറായില്ല. പൊലീസ് വന്നിട്ടും തര്‍ക്കത്തിന് പരിഹാരമുണ്ടാക്കാനായില്ല.
ഗത്യന്തരമില്ലാതെ വന്നതോടെയാണ് വയോധികയുടെ മരണാനന്തര ചടങ്ങുകള്‍ റോഡില്‍ വച്ച് നടത്തി മൃതദേഹവും റോഡില്‍ സംസ്കരിച്ചത്. റോഡിലൂടെ നടന്ന് ശ്മശാനത്തിലൂടെ പോകാനുള്ള അവസരം പോലും ഞങ്ങള്‍ക്ക് നിഷേധിക്കപ്പെട്ടപ്പോള്‍ റോഡില്‍ തന്നെ സംസ്കാരം നടത്താന്‍ തീരുമാനമെടുക്കേണ്ടി വന്നുവെന്ന് വയോധികയുടെ മകന് സഞ്ജീത് മഞ്ചി പറഞ്ഞു. സംഭവത്തിന്റെ വിരവധി വിഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് മനസിലാക്കി ഉചിതമായ നടപടി സ്വീകരിക്കുമെന്നും വൈശാലി ജില്ലാ മജിസ്ട്രേറ്റ് വര്‍ഷ സിങ് പ്രതികരിച്ചു.

