
ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരം എന്നാണ് എക്കാലവും ഇന്ത്യ- പാകിസ്ഥാന് പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്. അയല്‍ക്കാരുടെ പോരിന് കാത്ത് ലോകമെങ്ങും ക്രിക്കറ്റ് പ്രേമികള്‍ അന്നേദിനം അവധി പോലുമെടുത്ത് ടിവിക്ക് മുന്നിലിരിക്കും എന്നാണ് മുന്‍കാല ചരിത്രം പറയുന്നത്. ഇത്തവണത്തെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന് മത്സരം നടക്കാതിരുന്നാല്‍ ടിക്കറ്റ് വരുമാനം അടക്കം കോടികളുടെ നഷ്ടം ഐസിസി സഹിക്കേണ്ടിവരും.
ലോകകപ്പിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരെയും ഡിജിറ്റല്‍ പാര്‍ട്ണര്‍മാരെയും സംബന്ധിച്ച് ഏറ്റവും വരുമാനമേറിയ മത്സരമാണ് ഇന്ത്യ- പാക് ടീമുകള്‍ തമ്മിലുള്ളത്. ഇന്ത്യയും പാകിസ്ഥാനും മൈതാനത്ത് ഏറ്റുമുട്ടുമ്പോള്‍ വ്യൂവര്‍ഷിപ്പ് കൂടുമെന്നതിന് പുറമെ പരസ്യ, സ്പോണ്‍സര്‍ഷിപ്പ് തുകകളും കുതിച്ചുയരും എന്നതുതന്നെ ഇതിന് കാരണം. ഏകദേശം 200 കോടി രൂപയുടെ പരസ്യനഷ്ടം ഒരൊറ്റ ഇന്ത്യ- പാകിസ്ഥാന് ക്രിക്കറ്റ് മത്സരം വഴി ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന് മത്സരം നടക്കാതിരുന്നാല്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ ഐസിസിയോട് നഷ്ടപരിഹാരം തേടിയേക്കും. ഇതുതന്നെ ദശലക്ഷക്കണക്കിന് രൂപ വിലമതിക്കുന്നതായിരിക്കും.

